ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം, ബാലിക സുഖം പ്രാപിക്കുന്നു

ശനി, 20 ഏപ്രില്‍ 2013 (13:53 IST)
PTI
ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ മാനഭംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത്. ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് ആസ്ഥാനത്തേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും പൊലീസ് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പൊലീസ് സംയമനം പാലിച്ചു.

ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളില്‍ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യാ ഗേറ്റിലും വിജയ് ചൌക്കിലും വന്‍ പൊലീസ് സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനോജ് (25) പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ ഇയാളെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, ബാലികയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. ബോധം വീണ്ടുകിട്ടി. കുട്ടി ഐ സി യുവില്‍ തുടരേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക