ഡല്‍ഹിയില്‍ പോളിംഗ് ആരംഭിച്ചു

Webdunia
ശനി, 7 ഫെബ്രുവരി 2015 (07:50 IST)
പതിനാലു മാസത്തെ ഇടവേളയ്ക്കു ശേഷം ഡല്‍ഹി ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് പോളിംഗ് ആരംഭിച്ചു. ആം ആദ്‌മി പാര്‍ട്ടിയും ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.
 
2013നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 66% ആയിരുന്നു പോളിംഗ് ശതമാനം. കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത് റെക്കോര്‍ഡ് ആയിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 65% ആയിരുന്നു പോളിംഗ്. ഈ സാഹചര്യത്തില്‍ ഇത്തവണയും റെക്കോഡ് പോളിംഗ് രേഖപ്പെടുത്തുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്.
 
എഴുപത് നിയമസഭാ സീറ്റുകളിലേക്കായി 673 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ബി ജെ പിയും ആം ആദ്‌മി പാര്‍ട്ടിയും തമ്മിലാണ് പ്രധാനമത്സരം. അഭിപ്രായസര്‍വ്വേകളില്‍ ആം ആദ്‌മി പാര്‍ട്ടിക്കാണ് മുന്‍ഗണന. കോണ്‍ഗ്രസ് മത്സരരംഗത്തുണ്ടെങ്കിലും കഴിഞ്ഞതവണത്തെ എട്ടു സീറ്റ് എന്നത് മെച്ചപ്പെടുത്താന്‍ കഴിയുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.
 
ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാളും ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുമാണ്. അജയ് മാക്കന്‍ ആണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.