സംസ്ഥാന ഗവര്‍ണര്‍ ഡല്‍ഹിയില്‍ തയ്യാറാക്കപ്പെടുന്ന തിരക്കഥകളെയാണ് പിന്തുടരുന്നതെന്ന് ജെ ഡി (യു) നേതാവ് നിതിഷ് കുമാര്‍. മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഫെബ്രുവരി 20 വരെ സമയം നല്കിയത് പ്രധാനമന്ത്രിയുടെ കൂടെ അറിവോടെയാണ്. എം എല്‍ എമാരുടെ കുതിരക്കച്ചവടം മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്രയധികം സമയം മാഞ്ചിക്ക് അനുവദിച്ചതെന്നും നിതിഷ് കുറ്റപ്പെടുത്തി.
ദേശീയതലസ്ഥാനത്ത് എഴുതപ്പെട്ട സ്ക്രിപ്റ്റ് ആണ് ഗവര്‍ണര്‍ പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്ക് 130 എം എല്‍ എമാര്‍ ഉണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്നെ ക്ഷണിക്കണമെന്നും നിതിഷ് കുമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിതിഷിനു പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മാഞ്ചി ഗവര്‍ണറെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഭൂരിപക്ഷം തെളിയിക്കാന്‍ മാഞ്ചിക്ക് ഗവര്‍ണര്‍ അവസരം നല്കിയത്.
കഴിഞ്ഞദിവസം ജെ ഡി (യു) മാഞ്ചിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.