ട്രെയിനിലെ ഭക്ഷണം കൊള്ളില്ലേ? ഈ നമ്പറില്‍ വിളിക്കൂ
വ്യാഴം, 24 ജനുവരി 2013 (17:00 IST)
PRO
PRO
ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ച് യാത്രക്കാര്‍ക്ക് പരാതിപ്പെടാനായി ടോള്‍ഫ്രീ നമ്പര്‍. 1800-111-321 എന്ന ടോള്‍ഫ്രീ നമ്പര്‍ ആണ് റെയില്‍വെ ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് എവിടെ നിന്നും ഈ നമ്പറില്‍ വിളിച്ച് പരാതി പറയാം. കേന്ദ്ര റയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാലാണ് ഇക്കാര്യം അറിയിച്ചത്.
ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ മോശമാണെങ്കില്‍ അതിന് ഉടനടി പരിഹാരം കാണാനാണ് പുതിയ നമ്പര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 7 മുതല്‍ രാത്രി 10 വരെ പരാതികള്‍ അറിയിക്കാം. ഗുണനിലവാരമില്ലാത്ത ഭക്ഷണം, ആഹാരത്തിന് അധിക ചാര്‍ജ്ജ് ഈടാക്കല്‍, ശുചിത്വം ഇല്ലാത്ത സ്ഥലത്ത് ഭക്ഷണം സൂക്ഷിക്കല്‍ തുടങ്ങിയ പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ ട്രെയിനിലെ കാറ്ററിംഗ് മാനേജരെ വിളിച്ച് പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെടും. ടോള്‍ഫ്രീ നമ്പര്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
ട്രെയിനുകളിലെ ഭക്ഷണം പരിശോധിക്കാനായി മൊബൈല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഫുഡ്-ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.