എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായ ജെയ്ഷ മുഹമ്മദ് തീവ്രവാദികള്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ അമേതി സന്ദര്‍ശിക്കുന്ന അദ്ദേഹത്തിന് കനത്ത സുരക്ഷ നല്‍കും.
രണ്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് രാഹുലിന്‍റെ അമേതി സന്ദര്‍ശനം. ശനിയാഴ്‌ച മുതലാണ് രാഹുലിന്‍റെ സന്ദര്‍ശനം ആരംഭിക്കുക. ശനിയാഴ്‌ച രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായും നാട്ടുകാരുമായും ആശയവിനിമയം നടത്തും. എസ്‌പിജി ഉള്‍പ്പെടുന്ന സുരക്ഷ ഏജന്‍സികള്‍ രാഹുല്‍ സന്ദര്‍ശനം നടത്തുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തിയിരുന്നു.
തന്‍റെ നിയോജകമണ്ഡലമായ അമേതിയിലുള്ള കോര്‍വയില്‍ അദ്ദേഹം ചെറു ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്‍ടറിക്ക് ഞായറാഴ്‌ച തറക്കല്ലിടും. ഇതിനു പുറമെ ജഗദീഷ്പ്പൂരില്‍ ഭാരത് ഹെവി ഇലക്‍ട്രിക്കല്‍സിന്‍റെ രണ്ട് നിര്‍മ്മാണ യൂണിറ്റുകള്‍ക്കും രാഹുല്‍ ഞായറാഴ്‌ച തറക്കല്ലിടുന്നുണ്ട്.