ജെഎന്‍യു വിഷയം: വര്‍ഗീയ വിഷയങ്ങള്‍ ഉയര്‍ത്തികാട്ടി ഇടതുപാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്

വെള്ളി, 19 ഫെബ്രുവരി 2016 (16:39 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വിദ്യാര്‍ത്ഥി നേതാവും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതടക്കം രാജ്യത്ത് നടക്കുന്ന വര്‍ഗീയ വിഷയങ്ങള്‍ പ്രക്ഷോഭത്തില്‍ ചര്‍ച്ച ചെയ്യും. 
ഈ മാസം 23 മുതല്‍ 25 വരെയാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമാന ചിന്താഗതിയുളള എല്ലാവരെയും പ്രക്ഷോഭത്തില്‍ അണിനിരത്തുമെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
 
ആര്‍ എസ് എസ് തങ്ങള്‍ക്ക് എതിരെ ഉന്നയിക്കുന്ന വ്യാജപ്രചാരണങ്ങളെ തുറന്നു കാട്ടാനാണ് പ്രക്ഷോഭം എന്ന് സീതാറം യെച്ചൂരി പറഞ്ഞു. നാഥുറാം ഗോഡ്‌സെയെ ദേശീയ നായകനായി കാണുന്ന ചിലര്‍, തങ്ങളെ ദേശ ദ്രോഹികളായി ചിത്രീകരിക്കുകയാണ്.
 
മതേതരകക്ഷികള്‍ ഈ പ്രക്ഷോഭത്തിന് ഒപ്പം ചേരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഭരണം ഉപയോഗിച്ച് ജെ എന്‍ യു പോലുള്ള സര്‍വ്വകലാശാലകളില്‍ തങ്ങളുടെ രാഷ്‌ട്രീയം നടപ്പാക്കാനാണ് ആര്‍ എസ് എസിന്റെ ശ്രമമെന്നും ഇതിനെ ചെറുക്കുമെന്നും യെച്ചൂരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക