ജിഎസ്എല്‍വിഡി - 5ന്റെവിക്ഷേപണം മാറ്റിവച്ചു; കാരണം ഇന്ധനച്ചോര്‍ച്ച
തിങ്കള്‍, 19 ഓഗസ്റ്റ് 2013 (16:36 IST)
PRO
PRO
ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ജിഎസ്എല്‍വിയുടെ രണ്ടാമത്തെ വിക്ഷേപണം മാറ്റിവച്ചു. ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്രശ്നങ്ങളുമാണ് വിക്ഷേപണം മാറ്റിവയ്ക്കാന്‍ കാരണം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ 14 മിനിറ്റ് മാത്രമുള്ളപ്പോള്‍ കൌണ്ട് ഡൌണ്‍ നിര്‍ത്തിവച്ചു. 2010-ല്‍ നടത്തിയ ആദ്യ രണ്ടു പരീക്ഷണങ്ങളും പരാജയമായിരുന്നു. വാര്‍ത്തവിനിമയ ഉപഗ്രഹമായ ജി സാറ്റ്- 14 ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ജിഎസ്എല്‍വിയുടെ ദൌത്യം.
ജി സാറ്റ് 14 ഭ്രമണപഥത്തില്‍ എത്തുന്നതോടെ വാര്‍ത്താവിനിമയ രംഗത്ത് വന്‍കുതിച്ചുചാട്ടം തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. കാലാവധി പൂര്‍ത്തിയാക്കുന്ന എജ്യുസാറ്റ് ഉപഗ്രഹത്തിന് പകരക്കാരനായി വര്‍ത്തിക്കുന്നതോടൊപ്പം ഇന്ത്യയെ മുഴുവനായി പരിധിയില്‍ കൊണ്ടുവരാനും ജി സാറ്റിനു കഴിയും. മുന്‍പ് ഏഴ് തവണ ഇന്ത്യ ജിഎസ്എല്‍വി ഉപയോഗിച്ച് ഉപഗ്രഹ വിക്ഷേപണത്തിന് ശ്രമിച്ചിരുന്നെങ്കിലും രണ്ടെണ്ണം മാത്രമാണ് പൂര്‍ണ വിജയമായത്.
ജി സാറ്റ് 14 വിക്ഷേപിക്കാന്‍ 2010 ഏപ്രിലിലും ഡിസംബറിലും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെ ജിഎസ്എല്‍വി ദൗത്യത്തിന് ഐഎസ്ആര്‍ഒ തല്‍ക്കാലം ഇടവേള നല്‍കുകയായിരുന്നു. പഴുതുകള്‍ അടച്ചുകൊണ്ടുള്ള വിക്ഷേപണം സാധ്യമാക്കാനാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇത്തവണ ശ്രമിച്ചതെങ്കിലും അതും പരാജയത്തില്‍ കലാശിച്ചു.