തനിക്ക് നേരിട്ട് ബന്ധമുള്ള 24 പേര്‍. അവരാണ് ഛോട്ടാരാജന്‍റെ ശക്തി. രാജന്‍ മനസില്‍ കാണുന്നത് പ്രാവര്‍ത്തികമാക്കുന്ന രണ്ടുഡസന്‍ ആളുകള്‍. ഛോട്ടാരാജന്‍റെ അധോലോക സാമ്രാജ്യം അവരുടെ കാവല്‍ക്കണ്ണുകളിലാണ് വളര്‍ന്നത്. ഛോട്ടാരാജന്‍ പറഞ്ഞാല്‍ മരിക്കാനും തയ്യാറുള്ള അവരാണ് ദാവൂദ് ഇബ്രാഹിം എന്ന ഭീഷണിയില്‍ നിന്ന് എന്നും രാജനെ കാത്തത്. ദാവൂദിനെതിരെയുള്ള നീക്കങ്ങള്‍ക്കും തന്‍റെ മാഫിയാ സാമ്രാജ്യം വളര്‍ത്തുന്നതിനും ഈ ടീമിനെ വച്ചാണ് ദാവൂദ് മുന്നോട്ടുപോയത്.
റിയല്‍ എസ്റ്റേറ്റ് മേഖലയായിരുന്നു ചോട്ടാരാജന്‍റെ പ്രധാന വരുമാന സ്രോതസ്. ഹിന്ദി സിനിമാ മേഖലയില്‍ പണം മുടക്കുകയും കോടികള്‍ ലാഭം നേടുകയും ചെയ്തിരുന്നു ഛോട്ടാരാജന്‍.
ഹേമന്ദ് പൂജാരി - ഒരുകാലത്ത് ഛോട്ടാരാജന്‍റെ സംഘത്തിലെ പ്രധാനിയായിരുന്നു. പിന്നീട് രാജനില്‍ നിന്ന് വേര്‍പെട്ട് സ്വന്തമായി അധോലോകപ്രവര്‍ത്തനം ആരംഭിച്ചു. വമ്പന്‍ ഹോട്ടല്‍ ബിസിനസുകാരില്‍ നിന്ന് പണപ്പിരിവാണ് പ്രധാന വരുമാനമാര്‍ഗം.
വിക്കി മല്‍ഹോത്ര - ഛോട്ടാരാജന്‍ സംഘത്തിലെ പ്രധാനി. ഡല്‍ഹിയില്‍ വച്ച് പൊലീസ് പിടിയിലായി. ഇപ്പോള്‍ ജയിലിലാണ്.
ഡി കെ റാവു - മോഷ്ടാവില്‍ നിന്ന് അധോലോകത്തെത്തി. ജയിലില്‍ കഴിഞ്ഞുകൊണ്ട് ഛോട്ടാരാജന്‍റെ ബിസിനസുകള്‍ നിയന്ത്രിച്ചു.
ബുണ്ടി പാണ്ഡേ - ഛോട്ടാരാജന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് സ്വന്തം ഗ്രൂപ്പുണ്ടാക്കി മാറുകയും ചെയ്തു.
ഗുരു സതം - 2000ത്തില്‍ ഛോട്ടാ രാജനുമായി പിരിഞ്ഞു. പിന്നീട് ദക്ഷിണാഫ്രിക്കയില്‍ സ്വന്തം ടീമുണ്ടാക്കി.
രവി പൂജാരി - രാജന്‍റെ ഏറ്റവും പ്രധാന സംഘാംഗമായിരുന്ന രവി പൂജാരി ഇപ്പോള്‍ മലേഷ്യയില്‍ സ്വന്തം മാഫിയാ ഗ്രൂപ്പ് നടത്തുന്നു.
ഇജാസ് ലഖ്‌ഡാവാല - 2000ല്‍ ഛോട്ടാരാജനില്‍ നിന്ന് വേറിട്ട് സ്വന്തം ഗ്രൂപ്പുണ്ടാക്കി. ഹിന്ദി സിനിമാലോകമാണ് പ്രധാന വരുമാനസ്രോതസ്.
അബു സാവന്ത് - ഛോട്ടാ രാജന്‍റെ വലംകൈ. മാനേജര്‍ എന്ന് വിശേഷിപ്പിക്കാം. രാജന്‍റെ സാമ്പത്തിക ഇടപാടുകള്‍, വിദേശരാജ്യങ്ങളിലെ ബിസിനസ് എന്നിവയെല്ലാം അബു സാവന്താണ് നിയന്ത്രിക്കുന്നത്.