അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയിലേക്ക് കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇത് ശൈത്യകാല സൈനിക നടപടിയുടെ ഭാഗം മാത്രമാണെന്ന് സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
അരുണാചലിലെ അതിര്‍ത്തി പ്രദേശമായ ടവാംഗിലേക്കും മറ്റ് അതിര്‍ത്തി പോസ്റ്റുകളിലേക്കുമാണ് സൈനികര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഏകദേശം 70 ഓളം സൈനിക ട്രക്കുകള്‍ ഈ പ്രദേശത്തേക്ക് പോയതായി ഒരു വാര്‍ത്താ എജന്‍സി ലേഖകന്‍ വ്യക്തമാക്കി. എന്നാല്‍, അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ നിയോഗിച്ചു എന്ന വാര്‍ത്ത ഓഫീസര്‍മാര്‍ നിഷേധിച്ചു.
കടുത്ത ശൈത്യകാലത്ത റോഡുകള്‍ ഗതാഗതയോഗ്യം അല്ലാതാവുന്നതിന് മുമ്പ് ജമ്മു കശ്മീരിലെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും അതിര്‍ത്തിയിലേക്ക് സൈനികരെ അയയ്ക്കുന്ന നടപടിയാണ് ഇത് എന്ന് കമാന്‍ഡര്‍മാര്‍ വെളിപ്പെടുത്തി. ഇത് ‘ഓപ്പറേഷന്‍ അലര്‍ട്ട്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇപ്പോള്‍ അതിര്‍ത്തിയില്‍ ഭീഷണി ഒന്നും നിലനില്‍ക്കുന്നില്ല എന്നും ചൈന അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കുന്നു എന്ന വാര്‍ത്ത തെറ്റായ പ്രചാരണമാണെന്നും പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു സൈനിക ഓഫീസര്‍ പറഞ്ഞു.
ചൈന തുടര്‍ച്ചയായി അതിര്‍ത്തിയില്‍ കടന്നു കയറ്റം നടത്തി എന്ന റിപ്പോര്‍ട്ട് വരികയും ഒപ്പം ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈന അതൃപ്തി രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സൈനിക നീക്കവും വാര്‍ത്തയില്‍ സ്ഥാനം പിടിക്കുന്നത്.