ചെങ്കോട്ട ഭീകരാക്രമണ കേസ് പ്രതി ലഷ്‌കറെ തൊയ്‌ബ ഭീകരന്‍ മുഹമ്മദ് അഷ്‌ഫഖിന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. 14 വര്‍ഷമായി തടവില്‍ കഴിയുകയാണെന്നും തന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടന്നും കാണിച്ച് അഷ്‌ഫഖ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ഹര്‍ജി തീര്‍പ്പാക്കുന്നതിനായി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭീകര സംഘടനയായ ലഷ്‌കറെ തയിബയിലെ അംഗമായ അഷ്‌ഫഖിന്റെ വധശിക്ഷ 2011 ല്‍ കോടതി ശരിവച്ചിരുന്നു. കേസിലെ മറ്റ് ആറു പ്രതികള്‍ക്കു സെഷന്‍സ് കോടതി നല്‍കിയ തടവുശിക്ഷ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
ശ്രീനഗര്‍ സ്വദേശികളും അച്‌ഛനും മകനുമായ നസീര്‍ അഹ്‌മദ് ക്വാസിദ്, ഫറൂഖ് അഹ്‌മദ് ക്വാസിദ് എന്നിവര്‍ക്ക് സെഷന്‍സ് കോടതി നല്‍കിയ ജീവപര്യന്തവും അഷ്‌ഫഖിന്റെ ഇന്ത്യക്കാരിയായ ഭാര്യ റഹ്‌മാന യൂസഫ് ഫറൂഖിയുടെ ഏഴുവര്‍ഷം തടവും അഷ്‌ഫഖിന് ഒളിത്താവളം ഒരുക്കുകയും പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുന്നതിന് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുകയും ചെയ്‌ത ബാബര്‍ മൊഹ്‌സിന്‍ ഭഗ്വാല, സദക്കത്ത് അലി, മത്‌ലൂബ് അലം എന്നിവര്‍ക്കു നല്‍കിയ ഏഴുവര്‍ഷം കഠിനതടവുമാണ് ഹൈക്കോടതി റദ്ദാക്കിയത്.