ചിറകരിയാന്‍ ഔദ്യോഗികപക്ഷം; പ്രതിരോധിക്കാന്‍ വി എസ്
ഞായര്‍, 12 മെയ് 2013 (12:26 IST)
PRO
PRO
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ ചിറകരിയാനുള്ള സിപിഎം ഔദ്യോഗികപക്ഷത്തിന്റെ ശ്രമത്തില്‍ വിജയം ആര്‍ക്കാകുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. വിഎസിന്റെ വിശ്വസ്‌തര്‍ക്കെതിരായ നടപടി ഇന്നു കേന്ദ്രകമ്മിറ്റി തീരുമാനിക്കും. തന്നെ ദുര്‍ബലനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു പഴ്‌സണല്‍ സ്‌റ്റാഫിനെതിരേ നടപടി ആവശ്യപ്പെടുന്നതെന്നാണു വിഎസിന്റെ നിലപാട്.
കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെയും തുടര്‍ന്നു പാര്‍ട്ടി യോഗങ്ങളിലെയും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാണു വിഎസിന്റെ പിഎ: എ സുരേഷ്, പ്രസ്‌സെക്രട്ടറി കെ ബാലകൃഷ്‌ണന്‍, പ്രൈവറ്റ് സെക്രട്ടറി കെ ശശിധരന്‍ എന്നിവര്‍ക്കെതിരായ ആരോപണം. ഇവരെ പുറത്താക്കാനുള്ള സംസ്‌ഥാന കമ്മിറ്റി തീരുമാനത്തിനെതിരേ വിഎസ് കേന്ദ്രനേതൃത്വത്തിനെ സമീപിക്കുകയായിരുന്നു.
തങ്ങള്‍ക്കെതിരായ നടപടി ഏകപക്ഷീയമാണെന്നും ഇതു വിഎസിനെ ലക്ഷ്യം വച്ചുള്ളതാണെന്നും ചൂണ്ടിക്കാട്ടി മൂന്നുപേരും കേന്ദ്രനേതൃത്വത്തിനു കത്തു നല്‍കിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുന്ന അജന്‍ഡയില്‍ മൂന്നാമത്തെ ഇനമായി ഇക്കാര്യം ഇന്നലെ ഉള്‍പ്പെടുത്തി.
വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ ഇവരെ പുറത്താക്കണമെന്നുള്ള സംസ്‌ഥാനകമ്മിറ്റിയുടെ ശിപാര്‍ശ അംഗീകരിക്കണമെന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷം ആവശ്യപ്പെടും. വിഎസിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെ അതിജീവിക്കാനാണു വിഎസിന്റെ ശ്രമം. തന്റെ വാദങ്ങള്‍ വിഎസ് കേന്ദ്രനേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതിനോടു കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം പ്രതികരണത്തെ ആശ്രയിച്ചിരിക്കും വിഎസിന്റെ വിശ്വസ്‌തരുടെ ഭാവി.
വിഎസിന്റെ വിശ്വസ്‌തര്‍ക്കെതിരേ നടപടി അനിവാര്യമാണെന്നാണു പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. വി.എസിനെതിരേ നടപടി ആവശ്യപ്പെട്ടുള്ള സംസ്‌ഥാനകമ്മിറ്റി റിപ്പോര്‍ട്ട് ഇന്നലെ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കു വിതരണം ചെയ്‌തില്ല. എന്നാല്‍ ഇന്നു സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വിഎസിനെതിരേ ഔദ്യോഗികപക്ഷം ആരോപണം ഉന്നയിച്ചു നടപടി ആവശ്യപ്പെടും.