ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍: മോഡിക്കും പങ്കെന്ന് സിബിഐ
വ്യാഴം, 27 ജൂണ്‍ 2013 (18:10 IST)
PRO
PRO
മലയാളിയായ പ്രാണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും ബന്ധമെന്ന് സിബിഐ. പോലീസ് ഉദ്യോഗസ്ഥനായ ഡിഐജി വന്‍സാലെ മോഡിയുമായി സംഭവം നടക്കുന്നതിന്റെ പതിനാല് മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ടിരുന്നതായും സിബിഐ വ്യക്തമാക്കി.
മൂന്നു ദിവസം മുമ്പ് തന്നെ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഗൂഡാലോചനയെ കുറിച്ച് ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് അറിവുണ്ടായിരുന്നതായും സിബിഐ വ്യക്തമാക്കി. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയാണ് സിബിഐയ്ക്ക് കേസ് കൈമാറിയത്.
നരേന്ദ്രമോഡിയെ വധിക്കാന്‍ ശ്രമിച്ച ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരെന്ന് ആരോപിച്ചാണ് പോലീസ് നാലംഗ സംഘത്തെ വെടിവെച്ചു കൊന്നത്. പ്രാണേഷ് കുമാറിന്റെ പിതാവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഡിജിപി, ഡിഐജി തുടങ്ങി 12 പേരെ പ്രതി ചേര്‍ത്തായിരുന്നു ഹര്‍ജി.
2004 ല്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ നടന്ന ഏറ്റുമുട്ടലിലാണ് മലയാളിയായ പ്രാണേഷ് കുമാറും പത്തൊമ്പതുകാരി ഇസ്രത്ത് ജഹാനും അടക്കം നാലു പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്റെ അമ്മയുടെ പരാതിയില്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘമാണ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.