ഗവര്‍ണര്‍ക്ക് പുല്ലുവില; ഉത്തരവുകള്‍ പാലിക്കേണ്ടതില്ലെന്ന് കെജ്‌രിവാള്‍

ചൊവ്വ, 19 മെയ് 2015 (11:32 IST)
ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രിയും ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള പോര് തുടരുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പുതിയ നടപടി.
 
ലഫ്‌റ്റനന്റ് ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ നിയമസഭാംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുഖ്യമന്ത്രി എല്ലാ വകുപ്പുകള്‍ക്കും കൈമാറുകയും ചെയ്തു.
 
ലഫ്‌റ്റനന്റ് ഗവര്‍ണറോ അദ്ദേഹത്തിന്റെ ഓഫീസോ വകുപ്പ് സെക്രട്ടറിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്കു നല്‍കുന്ന വാക്കാലുള്ളതോ രേഖാമൂലമുള്ളതോ ആയ ഉത്തരവുകളിലും നിര്‍ദ്ദേശങ്ങളിലും മുഖ്യമന്ത്രിയായിരിക്കും തീരുമാനമെടുക്കുക എന്നാണ് കെജ്‌രിവാളിന്‍റെ ഓഫീസ് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്.
 
മുഖ്യമന്ത്രിയുടെ നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ഡല്‍ഹിയില്‍ താല്‍ക്കാലികമായി ചീഫ് സെക്രട്ടറി ചുമതലയുള്ള ശകുന്തള ഗാംലിനും ഉത്തരവ് നല്‍കിയിട്ടുണ്ട്.
 
ബി ജെ പി സര്‍ക്കാരിന്റെ ഭാഗമായാണ് ലഫ്.ഗവര്‍ണര്‍ നജീബ് ജങ് ഡല്‍ഹിയില്‍ ഇടപെടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ തന്നെ ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക