കോണ്‍ഗ്രസ് പൊതു ശത്രു: അദ്വാനി

Webdunia
ഞായര്‍, 29 മാര്‍ച്ച് 2009 (16:05 IST)
ബിജെപിയുടെയും ഇടത് കക്ഷികളുടെയും പൊതു ശത്രുവാണ് കോണ്‍ഗ്രസ് എന്ന് എല്‍ കെ അദ്വാനി. ഇടതുപക്ഷവും കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസം തത്വചിന്താപരമാണെന്നും രാഷ്ട്രീയപരമല്ല എന്നും അദ്വാനി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ കുത്തക അവസാനിപ്പിക്കാ‍നായാണ് ബിജെപി കഴിഞ്ഞ കാലങ്ങളിലെല്ലാം കഠിന പ്രയത്നം നടത്തിയത്. ബിജെപിയും ഇടതുപക്ഷവും കഴിഞ്ഞ കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായി ഇത്തരത്തില്‍ ഒരിക്കലും യോജിച്ച് പ്രവര്‍ത്തിക്കില്ല, അദ്വാനി പറഞ്ഞു.

1967 ല്‍ ബീഹാറിലെ കര്‍പുരി താക്കൂര്‍ സര്‍ക്കാരിനെ ജാസംഘം പിന്തുണച്ചതും 1989 ല്‍ വിപി സിംഗ് സര്‍ക്കാരിന് ബിജെപിയും ഇടതുപക്ഷവും ഒരേപോലെ പിന്തുണ നല്‍കിയതും ഉദാഹരണമായി അദ്വാനി ചൂണ്ടിക്കാട്ടി. വി പി സിംഗ് മന്ത്രി സഭയ്ക്ക് പിന്തുണ പിന്‍‌വലിക്കാന്‍ കാരണം മണ്ഡല്‍ കമ്മീഷ റിപ്പോര്‍ട്ട് നടപ്പാക്കിയതല്ല അയോധ്യ പ്രശ്നമാണെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.

ഇനിയും ഒരു തൂക്ക് മന്ത്രിസഭ വരികയാണെങ്കില്‍ വി പി സിംഗിനെപ്പോലെ പൊതു സമ്മതനായ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഇടതുപക്ഷത്തിനോടൊപ്പം ചേരുമോ എന്ന ചോദ്യത്തിന്, “ അങ്ങനെയൊരു സാഹചര്യം ഉണ്ടാവില്ല എന്നാണ് കരുതുന്നത്” എന്നായിരുന്നു അദ്വാനിയുടെ മറുപടി.

കോണ്‍ഗ്രസിന് മുസ്ലീം-ദളിത വോട്ടുബാങ്കുകളായിരുന്നു ഉണ്ടായിരുന്നത്. കാന്‍ഷിറാം ബി‌എസ്പി രൂപീകരിച്ചതോടെ ദളിത വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിമാറ്റി. ഒരിക്കലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ല എന്ന കാന്‍ഷിറാമിന്‍റെ നിലപാട് ബിജെപിയെയും ബി‌എസ്പിയെയും സ്വാഭാവിക സഖ്യ കക്ഷികളാക്കി എന്നും അദ്വാനി പറഞ്ഞു.

എന്നാല്‍, ബിജെപി ഇനിയും ബി‌എസ്പിയുമായി സഖ്യത്തിലെത്തുന്ന കാര്യം സംശയത്തിലാണെന്നും മായാവതി സ്വകാര്യ നേട്ടങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത് എന്നും അദ്വാനി അഭിമുഖത്തില്‍ പറഞ്ഞു..