കോണ്‍ഗ്രസ് നേതൃമാറ്റത്തിന്, സോണിയയ്ക്ക് പകരം രാഹുല്‍ വന്നേക്കും

Webdunia
ശനി, 10 ജനുവരി 2015 (09:40 IST)
എ ഐ സി സി അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സോണിയാഗാന്ധിക്ക് പകരം രാഹുലിനെ ആ സ്ഥാനത്ത് ഉടന്‍ അവരോധിക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യും. 
 
പാര്‍ട്ടിയുടെ നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഏറെക്കാലമായുണ്ട്. സമീപകാലത്തുണ്ടായ എല്ലാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതോടെ സമ്പൂര്‍ണ അഴിച്ചുപണി നടത്തേണ്ട സമയം അതിക്രമിച്ചതായുള്ള അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് ഈ അഭിപ്രായം പലപ്പോഴും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
 
ഉപാധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ തന്‍റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു എന്നും അതിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി രാഹുലിന് നല്‍കണമെന്നും ഏറെക്കാലമായി താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നതായും ദിഗ്വിജയ് സിംഗ് പറഞ്ഞു. സോണിയാഗാന്ധിയോട് നേരിട്ടുതന്നെ ഇക്കാര്യം പറഞ്ഞിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
 
വരുന്ന സെപ്‌റ്റംബറിലാണ് പുതിയ എ ഐ സി സി അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടത്. അന്ന് സോണിയയ്ക്ക് പകരം രാഹുലിനെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. എന്നാല്‍ സോണിയ തന്നെ നേരിട്ടിടപെട്ട് ഉടന്‍ അധ്യക്ഷപദവി രാഹുലിന് കൈമാറുമെന്ന് അറിയുന്നു.