കോടതി ഉത്തരവ്: അഴിമതിരഹിത പരസ്യങ്ങളില്‍ നിന്ന് കെജ്‌രിവാള്‍ ഇല്ലാതാകും

Webdunia
വ്യാഴം, 14 മെയ് 2015 (12:13 IST)
അഴിമതിക്കെതിരെ ഡല്‍ഹിയില്‍ എങ്ങുമുള്ള പരസ്യപ്പലകകളില്‍ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുഖം അപ്രത്യക്ഷമാകും. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്. രാഷ്‌ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരല്ലാതെ വേറെ ഒരു രാഷ്‌ട്രീയ നേതാക്കളുടെയും മുഖം സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉണ്ടാകരുതെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
 
ഡല്‍ഹിയില്‍ അഴിമതിവിരുദ്ധ ഹെല്‍പ് ലൈന്‍ നമ്പറായ 1031അടക്കമുള്ള പരസ്യ ഹോര്‍ഡിംഗില്‍ കെജ്‌രിവാളിന്റെ ചിത്രവുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പരസ്യ ബോര്‍ഡുകളാണ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നീക്കം ചെയ്യുക.
 
സര്‍ക്കാരിന്റെ പരസ്യങ്ങളില്‍ പ്രധാനമന്ത്രി, രാഷ്‌ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൂടാതെ, മരണമടഞ്ഞ നേതാക്കളുടെയും രാഷ്‌ട്രപിതാവിന്റെയും ചിത്രങ്ങളും വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 
 
എന്നാല്‍, ഏതെങ്കിലും മുഖ്യമന്ത്രിമാരുടെയോ രാഷ്‌ട്രീയ നേതാക്കളുടെയോ ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നല്കാന്‍ പാടില്ല.