കൊറമാണ്ടല്‍: മരണം 16 ആയി

Webdunia
ശനി, 14 ഫെബ്രുവരി 2009 (11:41 IST)
ഹൌറ-ചെന്നൈ കൊറമാണ്ടല്‍ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. അപകടത്തില്‍ 161 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

ഒറീസയിലെ ജാജ്‌പൂര്‍ ജില്ലയില്‍ വച്ച് ട്രാക്ക് മാറുമ്പോഴാണ് ട്രെയിന്‍ പാളം തെറ്റിയത്. മൊത്തം 13 ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ 11 എണ്ണം സ്ലീപ്പര്‍ ക്ലാസ്സും രണ്ടെണ്ണം ജനറല്‍ ക്ലാസുമാണ്.

വേഗത്തില്‍ വരികയായിരുന്ന ട്രെയിന്‍ ട്രാക്ക് മാറ്റുമ്പോള്‍ പാളം തെറ്റുകയായിരുന്നു. എഞ്ചിന്‍ തലകീഴായി മറിഞ്ഞു. ട്രെയിനിന്‍റെ ബോഗികള്‍ പലദിശകളിലേക്കാണ് മറിഞ്ഞത്. 300 മീറ്റര്‍ അകലെ വരെ ട്രെയിനിന്‍റെ ഭാഗങ്ങള്‍ ചിതറിത്തെറിച്ചിട്ടുണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സമീപവാസികളും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവര്‍ക്ക് സഹായമെത്തിച്ചത്. ഇരുട്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു എങ്കിലും പിന്നീട് ഫ്ലഡ് ലൈറ്റിന്‍റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

അപകടത്തില്‍ മരിച്ചവര്‍ക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും റയില്‍‌വെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.