കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് നരേന്ദ്ര മോഡി എത്തില്ല

Webdunia
വ്യാഴം, 12 ഫെബ്രുവരി 2015 (11:48 IST)
ഡല്‍ഹി നിയമസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനെത്തിയെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മനിഷ് സിസോദിയയെയും പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അന്നേദിവസം, മഹാരാഷ്‌ട്രയില്‍ മറ്റു ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.
 
വ്യാഴാഴ്ച രാവിലെയാണ് അരവിന്ദ് കെജ്‌രിവാളും മനിഷ് സിസോദിയയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ എത്തിയത്. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടുനിന്നു. ഫെബ്രുവരി 14ന് രാംലീല മൈതാനിയില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ്.
 
ഇതിനിടെ, സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാ ഡല്‍ഹി നിവാസികളെയും അരവിന്ദ് കെജ്‌രിവാള്‍ ക്ഷണിച്ചു. ഓഡിയോ സന്ദേശത്തിലൂടെയായിരുന്നു കെജ്‌രിവാള്‍ സത്യപ്രതിഞ്ജയ്ക്ക് ഡല്‍ഹിക്കാരെ ക്ഷണിച്ചത്. അതേസമയം, ബുധനാഴ്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തവേ ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി നല്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തി.