കൂട്ടക്കൊലയ്ക്ക് ശേഷം മാവോ ബന്ദ്

ബുധന്‍, 30 ജൂണ്‍ 2010 (09:07 IST)
ഛത്തീസ്ഗഡില്‍ ചൊവ്വാഴ്ച 26 സി‌ആര്‍പി‌എ‌ഫ് ജവാന്മാരെ കൂട്ടക്കുരുതിക്ക് ഇരയാക്കിയ മാവോയിസ്റ്റുകള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ 48 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒറീസ്സ, ബീഹാര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് വിമതര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേന്ദ്രത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതാദ്യമായി, റയില്‍‌വെയെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പുറമെ, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി, ഭണ്ഡാര എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ചന്ദ്രപൂര്‍, ബലഘട്ട് എന്നീ ജില്ലകളിലും മാവോ വിമതര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം റോഡുതുറക്കന്‍ ദൌത്യം കഴിഞ്ഞ് മടങ്ങിയ 63 അംഗ സിആര്‍‌പി‌എഫ് ജവാന്മാര്‍ക്ക് നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടത്. ഒരു മലമുകളില്‍ നിന്ന് ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് തൊണ്ണൂറോളം മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 26 ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. നാരായണ്‍‌പൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം നടന്നത്.

വെബ്ദുനിയ വായിക്കുക