വ്യാഴാഴ്ച തുടങ്ങുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി 25 ലക്ഷത്തോളം ആളുകള്‍ പുണ്യ നഗരമായ ഹരിദ്വാറില്‍ എത്തുമെന്ന് അധികൃതര്‍. തീര്‍ത്ഥാടകരും, സന്യാസിമാരും, സഞ്ചാരികളുമടക്കം ലക്ഷോപലക്ഷം ആളുകള്‍ ലോകത്തിലെ ഏറ്റവും വലിയ മതപരമായ കൂട്ടായ്മയെന്ന് കരുതുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ ഹരിദ്വാറില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
വ്യാഴാഴ്ച മകര സംക്രാന്തി ദിനത്തില്‍, 25 ലക്ഷം തീര്‍ത്ഥാടകരില്‍ കൂടുതല്‍ ഗംഗാ സ്നാനം നടത്തി പുണ്യം നേടാനായി ഹരിദ്വാരില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതിനായി എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി എന്ന് അധികൃതര്‍ വ്യക്തമാക്കി.
കുംഭമേള പ്രശ്നങ്ങളൊന്നും കൂടാതെ നടത്താന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേശ് പൊഖ്‌റിയാല്‍ പറഞ്ഞു. കുംഭമേളയുടെ നടത്തിപ്പിനായി കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്നും മുഖ്യന്ത്രി പറഞ്ഞു.
കുംഭമേള നടക്കുന്നിടത്ത് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാവാതിരിക്കാന്‍ 130 ചതുരശ്ര അടിക്കുള്ളില്‍ കനത്ത സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് താമസ സൌകര്യവും സഞ്ചാര സൌകര്യവും കുറ്റമറ്റ രീതിയില്‍ ഒരുക്കിയിരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.