കാറില്‍ കുടുങ്ങിയ 3 പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
വ്യാഴം, 3 മെയ് 2012 (17:44 IST)
PRO
PRO
ആറ് മണിക്കൂര്‍ നേരം കാറിനകത്ത് കുടുങ്ങിപ്പോയ മൂന്ന് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ആന്ധ്രാ പ്രദേശിലെ നല്‍ഗോണ്ട ജില്ലയിലെ മെല്ലച്ചെരുവില്‍ ബുധനാഴ്ചയാണ് ദാരുണ സംഭവം നടന്നത്.
കര്‍ഷകനായ ബി നരസിംഹറാവുവിന്റെ കാര്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. മൂന്ന് പെണ്‍കുട്ടികള്‍ കാറിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. 11 മണിയോടെ അവര്‍ കാറിന്റെ ഡോര്‍ തുറന്ന് അകത്ത് കയറി. ഇതിനിടെ അബദ്ധവശാല്‍ ഡോര്‍ ലോക്ക് ആയി. കാറിന് കറുത്ത ക്ലാസുകള്‍ ആയതിനാല്‍ അകത്ത് നിന്ന് സഹായം ആവശ്യപ്പെട്ടാല്‍ കാണാന്‍ സാധിക്കുമായിരുന്നില്ല. ഇതിനിടെ കുട്ടികളെ കാണാതായതറിഞ്ഞ് അവരുടെ മാതാപിതാക്കള്‍ പലസ്ഥലത്തും അന്വേഷിക്കുകയും ചെയ്തു.
വൈകിട്ട് അഞ്ച് മണിയോടെ, നരസിംഹറാവുവിന്റെ മകന്‍ കളിപ്പാട്ടം എടുക്കാനായി കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വായുസഞ്ചാരമില്ലാത്തതും ചൂട് കൂടിയതുമാണ് പെണ്‍കുട്ടികളുടെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.