കാട്ടുകള്ളന്‍ വീരപ്പന്‍റെ ശവകുടീരം തുറന്ന നിലയില്‍!

തിങ്കള്‍, 14 മെയ് 2012 (17:40 IST)
PRO
ചന്ദനക്കടത്തും ആനക്കൊമ്പ് വ്യാപാരവും നടത്തിയിരുന്ന കാട്ടുകള്ളന്‍ വീരപ്പന്റെ ശവകുടീരം തുറന്ന നിലയില്‍. സേലം ജില്ലയിലെ മേട്ടൂര്‍ ഡാമിനരുകിലുള്ള മൂലക്കാട്ടില്‍ വീരപ്പനെ അടക്കം ചെയ്തിരിക്കുന്ന ഇടമാണ് ഞായറാഴ്ച തുറക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരുന്നൂറോളം ആനകളെ കൊന്ന് കൊമ്പ് കവര്‍ന്നതിനും പതിനായിരം ടണ്‍ ചന്ദനത്തടി മുറിച്ചുവിറ്റതിനും സര്‍ക്കാര്‍ തേടിയിരുന്ന വീരപ്പനെ തമിഴ്നാട് ദൌത്യസേന 2004ല്‍ ഒക്ടോബര്‍ 18നാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. തുടര്‍ന്ന് ഭൌതികശരീരം കാവേരി നദിക്കരയില്‍ സംസ്കരിക്കുകയായിരുന്നു.

ഇന്ത്യയുടെ റോബിന്‍ ഹുഡ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വീരപ്പന്റെ ശവകുടീരം കാണാന്‍ ഒട്ടനവധി സന്ദര്‍ശകരാണ് മൂലക്കാട്ടില്‍ എത്തുന്നത്. വീരപ്പനെ സംസ്കരിച്ച ഇടം രണ്ടടിയോളം ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. ശവകുടീരം സന്ദര്‍ശിക്കാന്‍ എത്തുന്നവരില്‍ ചിലര്‍ ഇതില്‍ നിന്ന് മണ്ണ് എടുത്തുകൊണ്ടുപോകുന്നതും പതിവായിരുന്നു.

അവധി ദിവസമായ ഞായറാഴ്ച മേട്ടൂര്‍ ഡാം സന്ദര്‍ശിക്കാന്‍ എത്തിയവരാണ് വീരപ്പന്റെ ശവകുടീരം തുറന്ന നിലയില്‍ കണ്ടത്. സംസ്കരിച്ച സ്ഥലത്ത് ഉണ്ടായിരുന്ന മണ്ണ് എടുത്തുമാറ്റിയ നിലയിലായിരുന്നു. വീരപ്പനോടുള്ള ആരാധന മൂത്ത് ആരെങ്കിലും ശവകുടീരത്തിനുള്ളിലെ എല്ല് സ്മാരകമായി സൂക്ഷിക്കാന്‍ കൊണ്ടുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം.

കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലെ വനങ്ങളില്‍ ഇരുപതുവര്‍ഷത്തോളമാണ് വീരപ്പന്‍ പിടികിട്ടാപ്പുള്ളിയായി വിഹരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും അടക്കം ഏകദേശം 124 വ്യക്തികളെ കൊലപ്പെടുത്തിയ വീരപ്പന് ഗ്രാമാന്തരങ്ങളില്‍ വീരപരിവേഷമായിരുന്നു.

വെബ്ദുനിയ വായിക്കുക