കസബിന്‍റെ കസ്റ്റഡി ആവശ്യപ്പെട്ടേക്കും

ശനി, 14 ഫെബ്രുവരി 2009 (15:39 IST)
ആവശ്യമെങ്കില്‍ അജ്മല്‍ അമീര്‍ കസബിന്‍റെ കസ്റ്റഡി ആവശ്യപ്പെടുമെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക്. മുംബൈ ഭീകരാക്രമണവുമായി പാകിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രി കസബിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യ പാകിസ്ഥാനുമായി സഹകരിക്കണമെന്നും മാലിക് ആവശ്യപ്പെട്ടു.

ഭീകരവിരുദ്ധ നിയമ പ്രകാരം കസബടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകളോട് പ്രതികരിക്കവേ മാലിക് പറഞ്ഞിരുന്നു. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട്‌ അറസ്റ്റു ചെയ്‌ത ആറുപേരെ പാക്ക്‌ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. കനത്ത സുരക്ഷയോടെയാണ്‌ ഇവരെ കോടതിയില്‍ എത്തിക്കുന്നത്‌.

അജ്മല്‍ കസബിന്‍റെ വിരലടയാളം, ഡിഎന്‍എ പരിശോധനയുടെ ഫലം എന്നിവയടക്കമുള്ള തെളിവുകള്‍ കൂടി നല്‍കണമെന്ന്‌ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതു സംബന്ധിച്ച കത്ത്‌ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സത്യബ്രത പാലിനു പാക്കിസ്ഥാന്‍ കൈമാറിയിട്ടുണ്ട്‌. ഭീകരവാദം പാകിസ്ഥാനില്‍ നിന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍ നിന്നും ഉണ്ടാകുന്നു എന്നായിരുന്നു നേരത്തെ ഇന്ത്യ നല്‍കിയ തെളിവുകളോട് പാകിസ്ഥാന്‍ പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക