കള്ളപ്പണത്തിനെതിരെ നിയമനിര്‍മ്മാണം: രാഷ്ട്രപതി

തിങ്കള്‍, 12 മാര്‍ച്ച് 2012 (13:26 IST)
PRO
PRO
അഴിമതി തടയുന്നതിനുള്ള സമഗ്ര നിയമം രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. കള്ളപ്പണത്തിനെതിരെ നിയമനിര്‍മാണത്തിന് സമിതി രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സാമ്പത്തിക പ്രതിസന്ധി രാജ്യം മറികടന്നതായി രാഷ്ട്രപതി അഭിപ്രായപ്പെട്ടു. രാജ്യത്തിന് എട്ടു മുതല്‍ ഒമ്പതു ശതമാനം വരെ വളര്‍ച്ചാ നിരക്ക് നേടാനാവുമെന്നാണ് കരുതുന്നത്. ഉന്നത വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കും. എട്ട് കോടി ആളുകള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കും. രാജ്യത്ത് പുതുതായി 1500 ഐടിഐകള്‍ സ്ഥാപിക്കും. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഒ ബി സി സംവരണത്തിനുള്ളില്‍ ഉപസംവരണം അനുവദിക്കും. ദേശീയ ജലമിഷന്‍ രൂപീകരിക്കും.
ബാലവേല തടയാന്‍ നിയമഭേദഗതി കൊണ്ടുവരും. 97,000 ജനസേവന കേന്ദ്രങ്ങള്‍ തുടങ്ങും.

പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കുന്നതിനോട് അനുകൂലിച്ച രാഷ്ട്രപതി, ആഭ്യന്തര സുരക്ഷക്ക് അത് അനിവാര്യമാണെന്ന് വ്യക്തമാക്കി.

രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ അവസാനത്തെ നയപ്രഖ്യാപന പ്രസംഗമാണിത്.

English Summary: President Pratibha Patil on Monday addressed her last joint session of Parliament before her term ends.

വെബ്ദുനിയ വായിക്കുക