കല്‍മാഡിയെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും

Webdunia
ബുധന്‍, 23 ഫെബ്രുവരി 2011 (17:52 IST)
PRO
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയുടെ അറസ്‌റ്റ് ഉടന്‍ ഉണ്ടാ‍യേക്കും‍. സംഘാടക സമിതി സെക്രട്ടറി ലളിത് ഭാനോട്ട്, ഡയറക്ടര്‍ വി കെ വര്‍മ എന്നിവരെ സിബിഐ ബുധനാഴ്ച അറസ്റ്റ് ചെയ്തു. മത്സരങ്ങളുടെ ഫലപ്രഖ്യാപന സംവിധാനം സ്ഥാപിക്കുന്നതിനായി സ്വിസ് ടൈമിംഗ് കമ്പനിക്കു 107 കോടി രൂപ നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രാവിലെ മുതല്‍ സിബിഐ ഇവരെ ചോദ്യം ചെയ്തു വരികയായിരുന്നു.

അഴിമതി നിരോധന നിയമത്തിലേയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

ലളിത് ഭാനോട്ട്, വി കെ വര്‍മ എന്നിവരുടെ ഡല്‍ഹിയിലെ വസതിയില്‍ 2010ല്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കണ്ടെത്തിയ ചില നിര്‍ണ്ണായക രേഖകളാണ് സുരേഷ് കല്‍മാഡി, ലളിത് ഭാനോട്ട് എന്നിവരിലേക്ക് വിരല്‍ ചൂണ്ടിയത്.

എന്നാല്‍, കേസില്‍ സി ബി ഐ അന്വേഷണം ആരംഭിച്ച ശേഷം പല നിര്‍ണ്ണായക രേഖകളും കാണാതായിരുന്നു.