കല്‍ക്കരിപ്പാടം അഴിമതി: കാണാതായ 16 ഫയലുകള്‍ കണ്ടെടുത്തു

വെള്ളി, 23 ഓഗസ്റ്റ് 2013 (14:54 IST)
PRO
PRO
കല്‍ക്കരിപ്പാടം കൈമാറ്റവുമായി ബന്ധപ്പെട്ട് കാണാതായ 157 ഫയലുകളില്‍ 16 എണ്ണം കണ്ടെടുത്തു. കല്‍ക്കരി മന്ത്രാലയം സിബിഐയെ അറിയിച്ചതാണിത്. എന്നാല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല.

1993 മുതല്‍ 2005 വരെയുള്ള 157 ഫയലുകളാണ് കാണാതായത്. ഇതേ തുടര്‍ന്ന് സഭാ നടപടികള്‍ പ്രതിപക്ഷം തടസ്സപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ 16 ഫയലുകള്‍ കണ്ടെത്തിയെന്നാണ് കല്‍ക്കരി മന്ത്രാലയം സിബിഐയെ അറിയിച്ചത്.

കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാലിന് കല്‍ക്കരിപ്പാടം അനുവദിച്ചതടക്കം സിബിഐ അടിയന്തരമായി ആവശ്യപ്പെട്ടിരുന്ന 13 ഫയലുകള്‍ ഇതിലുള്‍പ്പെടുന്നു. നിലവില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് സിബിഐ കേസ് അന്വേഷിക്കുന്നത്. അടുത്തയാഴ്ച തല്‍സ്ഥിതിവിവര റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് ഫയലുകള്‍ കാണാതായത്. എന്നാല്‍ ഫയലുകള്‍ നഷ്ടമായതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍ക്കരി മന്ത്രാലയം ഇതുവരെ സിബിഐയെ സമീപിച്ചിട്ടില്ലായെന്നത് ദുരൂഹമാണ്.

വെബ്ദുനിയ വായിക്കുക