കരാര്‍ വേഗത്തിലാവണമെന്ന് ഗേറ്റ്‌സ്

Webdunia
വ്യാഴം, 28 ഫെബ്രുവരി 2008 (09:04 IST)
PTI
ഇന്തോ-യുഎസ് ആ‍ണവ സഹകരണ കരാര്‍ വേഗത്തില്‍ നടപ്പാക്കണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ്. അമേരിക്കന്‍ കോണ്‍ഗ്രസ്സിന് സെപ്തംബറിന് മുമ്പായി കരാറിന്‍‌മേല്‍ തീരുമാനം എടുക്കാ‍നാവുമോ എന്നും ഗേറ്റ്സ് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

ആണവ സഹകരണ കരാറിന് പിന്തുണ തേടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് എന്‍‌ഡി‌എ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ അദ്വാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും 40 മിനിറ്റോളം ചര്‍ച്ച നടത്തി. എന്നാല്‍ മാധ്യമ സമ്മേളനം നടത്തിയില്ല.

കരാ‍റില്‍ ഇന്ത്യന്‍ താല്‍‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല എങ്കില്‍ അംഗീ‍കരിക്കാനാവില്ല എന്നാണ് ബിജെപിയുടെ നിലപാട്.

അമേരിക്കയ്ക്ക് ഇന്ത്യയുടെ കോടിക്കണക്കിനു ഡോളര്‍ വ്യാപ്തിയുള്ള പ്രതിരോധ കരാര്‍ സ്വന്തമാക്കാനുള്ള ആഗ്രഹമുണ്ടെന്നും ഗേറ്റ്സ് പറഞ്ഞു. ഇന്ത്യയ്ക്ക് ഒരു മിസൈല്‍ പ്രതിരോധ സംവിധാനം ഉണ്ടാക്കാന്‍ അമേരിക്കന്‍ പങ്കാളിത്തം ഉറപ്പാക്കാമെന്നും ഗേറ്റ്സ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ സെപ്തംബറിന് മുമ്പ് ആണവ സഹകരണ കരാറില്‍ തീരുമാനമെടുക്കാനാണ് അമേരിക്ക താല്‍‌പര്യപ്പെടുന്നത്. എന്നാല്‍, ആണവ ഏജന്‍സിയുമായും ആണവ വിതരണ രാജ്യങ്ങളുമായി അന്തിമ ധാരണയില്‍ എത്താന്‍ അമേരിക്ക പ്രത്യേക കാലാവധിയൊന്നും മുന്നോട്ടുവച്ചിട്ടില്ല.

അമേരിക്ക ഇന്ത്യന്‍ ആഭ്യന്തര രാഷ്ട്രീയത്തെ ബഹുമാനിക്കുന്നു എന്നും എന്നാല്‍, കേന്ദ്രത്തിന് കരാര്‍ വിഷയത്തില്‍ മറ്റ് പാര്‍ട്ടികളുമായി ഉടന്‍ തന്നെ ധാരണയില്‍ എത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഗേറ്റ്സ് പറഞ്ഞു.

അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായും ആണവ വിതരണ രാജ്യങ്ങളുമായും കരാറില്‍ എത്തിയ ശേഷം വീണ്ടും ഇന്തോ-യുഎസ് ആണവ കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വോട്ടെടുപ്പിന് വയ്ക്കേണ്ടതുണ്ട്.