കയ്യാങ്കളിക്കും കേരളമോഡല്‍: ഉന്തും തള്ളുമായി ബിഹാര്‍, കശ്‌മീര്‍ നിയമസഭകള്‍

വെള്ളി, 27 മാര്‍ച്ച് 2015 (15:26 IST)
കേരളമോഡല്‍ ഉന്തും തള്ളും ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് കേരളനിയമസഭയില്‍ ക്ണ്ട തകര്‍പ്പന്‍ പ്രകടനത്തിന് പിന്തുണ നല്കുന്നതു പോലെയായിരുന്നു കശ്‌മീരിലെയും ബിഹാറിലെയും നിയമസഭകളില്‍ ഇന്ന് നടന്ന ബഹളങ്ങള്‍. 
 
വ്യാജവാഗ്‌ദാനങ്ങള്‍ നല്കി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കശ്‌മീര്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചത്. വാക്‌പോര് പിന്നീട് ഉന്തും തള്ളുമാകുകയായിരുന്നു. കോണ്‍ഗ്രസിലെയും നാഷണല്‍ കോണ്‍ഫറന്‍സിലെയും അംഗങ്ങള്‍ തമ്മിലായിരുന്നു ബഹളം. പൊതുമിനിമം പരിപാടിയുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള പറഞ്ഞു.
 
വാഗ്‌ദാനലംഘനമായിരുന്നു കശ്‌മീര്‍ നിയമസഭയെ പ്രകോപിപ്പിച്ചതെങ്കില്‍ എ ബി വി പി പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചത് ആയിരുന്നു ബിഹാര്‍ നിയമസഭയില്‍ ബഹളത്തിന് ഇടയാക്കിയത്. ബി ജെ പി പ്രവര്‍ത്തകര്‍ ആണ് ഇവിടെ സഭ പ്രക്ഷുബ്‌ധമാക്കിയത്. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ഉദയ് നാരായണ്‍ ചൌധരി രണ്ടുമണി വരെ സഭ നിര്‍ത്തിവെച്ചു.

വെബ്ദുനിയ വായിക്കുക