ഒന്നര വയസുകാരനെ ചെന്നായ തിന്നു!

ഞായര്‍, 26 ഓഗസ്റ്റ് 2012 (15:52 IST)
PRO
PRO
അമ്മയുടെ അനാസ്ഥമൂലം ഒന്നരവയസുകാരനെ ചെന്നായ കടിച്ചു തിന്നു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ ബേലൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടിയുടെ പാതി ശരീരമാണ് ചെന്നായ കടിച്ച് തിന്നത്.

ബേലൂര്‍ ഗ്രാമത്തില്‍ വയലില്‍ ജോലി ചെയ്യുന്ന സ്‌ത്രീ തന്റെ ഒന്നരവയസുള്ള കുഞ്ഞിനെ കൂടെ കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനെ തൊട്ടടുത്തുള്ള മരത്തിനു ചുവട്ടില്‍ കിടത്തി സ്‌ത്രീ ജോലി ആരംഭിച്ചു. ഈ സമയത്താണ് ചെന്നായ കുട്ടിയെ വലിച്ചിഴച്ച് കൊണ്ടു പോയി ഭക്ഷിച്ചത്. തിരിച്ചെത്തിയ സ്‌ത്രീ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ പാതി ഭക്ഷിച്ച ശരീരം കാട്ടില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ ദേഹത്ത് ഉണ്ടായിരുന്നു. ചെന്നായ ഗ്രാമത്തില്‍ ഭക്ഷണത്തിനു വേണ്ടി വന്നതാണെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്.

വെബ്ദുനിയ വായിക്കുക