ഒടുവില്‍ അറിഞ്ഞു, മഹിക്ക് ജീവനില്ലെന്ന്

ഞായര്‍, 24 ജൂണ്‍ 2012 (14:39 IST)
PRO
PRO
ഹരിയാനയിലെ ഗുഡ്ഗാവില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരി മഹിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 86 മണിക്കൂര്‍ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് മഹിയെ പുറത്തെടുത്തത്. ബുധനാഴ്ച രാത്രിയാണ് മഹി കുഴല്‍ക്കിണറില്‍ വീണത്. 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കാണ് കുട്ടി വീണത്.

പുറത്തെടുത്ത ഉടന്‍ കുട്ടിയെ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ്‌ മരണം സ്ഥിരീകരിച്ചത്‌. കുഴല്‍കിണറിനുള്ളില്‍ വെച്ചുതന്നെ കുട്ടി മരണപ്പെട്ടിരുന്നുവെന്നാണ്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. തന്റെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാനെത്തിയ ബന്ധുക്കളുടെ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ മഹി വീടിനു സമീപത്തെ എഴുപതടിയിലേറെ താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ഖോ ഗ്രാമത്തിലെ നീരജിന്റെ മകളാണ്‌ മഹി.

ഈ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയത്. കുട്ടിയെ രക്ഷപ്പെടുത്താന്‍ സൈന്യത്തിന്റെ സഹായവും തേടിയിരുന്നു. മഹി കുടുങ്ങിക്കിടക്കുന്നതിന്‌ സമീപമായി കാണപ്പെട്ട കൂറ്റന്‍ പാറയാണ്‌ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത്‌. എഴുപതടി താഴ്ചയില്‍ ഓക്സിജന്റെ കുറവ്‌ അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്തു ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍ ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ കുഴല്‍ക്കിണറില്‍ സ്ഥാപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക