ഐപി‌എല്‍ കൊഴുപ്പിക്കാന്‍ മാംസവ്യാപാരവും

ചൊവ്വ, 26 ഏപ്രില്‍ 2011 (18:47 IST)
PRO
PRO
കോടികള്‍ ഒഴുകുന്ന ഐ പി എല്‍ ക്രിക്കറ്റിനിടെ സെക്സ് വ്യാപാരികള്‍ സജീവമാകുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് മാംസവ്യാപാരം തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ എസ്കോര്‍ട്ട് ഏജന്‍സിക്കാരാണ് മാംസവ്യാപാരത്തിന് പിന്നില്‍. മൂന്നാഴ്ച മുന്‍പ് കുപ്രസിദ്ധ സെക്സ് റാക്കറ്റ് നടത്തിപ്പുകാരി സോനു പഞ്ചാബന്‍ എന്ന ഗീതാ അറോറയെ പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന്, നമ്പര്‍ മാറ്റിയ ഏജന്‍സികള്‍ പലതും പഴയ നമ്പറുകള്‍ വീണ്ടും ആക്ടീവാക്കിയിട്ടുണ്ട്. ഇവരെല്ലാം സ്ഥിരം കസ്റ്റമര്‍മാരെ നേരിട്ടു തന്നെ ബന്ധപ്പെട്ട് തങ്ങള്‍ സജീവമായ വിവരം അറിയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എസ്കോര്‍ട്ട് ഏജന്‍സികളില്‍ മാസശമ്പളത്തിനാണ് പല പെണ്‍കുട്ടികളും ജോലി ചെയ്യുന്നത്. ഇവരില്‍ മാസം 60,000 രൂപ വരെ ശമ്പളം പറ്റുന്നവരുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ സിനിമാ-സീരിയല്‍ നടിമാരെയും മോഡലുകളെയും വരെ ഏജന്‍സികള്‍ വില്പനയ്ക്കു വച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു.

വന്‍ ലാഭം കൊയ്യുന്ന ഐ പി എല്ലിനിടെ സെക്സും ആവാമെന്നാണ് ബിസിനസ് ലോബികളുടെ നിലപാട്. ബിസിനസിനു തടസ്സം നില്‍ക്കരുതെന്ന ബിസിനസ് ലോബികളുടെ അഭ്യര്‍ത്ഥന രാഷ്ട്രീയ നേതൃത്വം അംഗീകരിച്ച തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്.

ഐ പി എല്‍ കഴിയുംവരെ സെക്സ് റാക്കറ്റുകള്‍ക്കെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡല്‍ഹി പൊലീസിന് ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കുകയായിരുന്നുവെന്നും വാര്‍ത്തയുണ്ട്. ഐ പി എല്‍ സീസണിലെ ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന നിര്‍ദ്ദേശമാണ് തങ്ങള്‍ക്കു കിട്ടിയതെന്ന് ഡല്‍ഹി പൊലീസിലെ ഒരു ഉന്നതന്‍ പറഞ്ഞു. ഡല്‍ഹിക്ക് പുറമെ മറ്റു നഗരങ്ങളിലെയും പൊലീസിന് സമാനമായ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ് അധികൃതരെന്നും അറിയുന്നു.

വെബ്ദുനിയ വായിക്കുക