എഎപി രാജ്യതലസ്ഥാനം ഭരിക്കും; അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി
തിങ്കള്‍, 23 ഡിസംബര്‍ 2013 (11:40 IST)
PTI
PTI
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കും. പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകും. വ്യാഴാഴ്ച ജന്ദര്‍ മന്ദറിലാണ് സത്യപ്രതിജ്ഞ നടക്കുക. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു. ജനഹിതമനുസരിച്ചാണ് തീരുമാനം എന്നും അദ്ദേഹം അറിയിച്ചു. 15 ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമാകുന്നത്.
ജനഹിത പരിശോധനയിലെ ഭൂരിപക്ഷ പിന്തുണ അംഗീകരിച്ച എഎപി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
പ്രബല കക്ഷികളായ കോണ്‍ഗ്രസിനെയും ബിജെപിയെയും പിന്തള്ളിയാണ് എഎപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് ബിജെപി (31) ആണ്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടി അറിയിച്ചു. 28 സീറ്റുള്ള എഎപിയ്ക്ക് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.