എയര്‍ ഇന്ത്യ 25 പൈലറ്റുമാരെ പുറത്താക്കി

വെള്ളി, 11 മെയ് 2012 (21:15 IST)
PRO
PRO
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ചെയ്യുന്ന 25 പൈലറ്റുമാരെക്കൂടി എയര്‍ ഇന്ത്യ വെള്ളിയാഴ്ച പുറത്താക്കി. ഇതോടെ കഴിഞ്ഞ നാല്‌ ദിവസങ്ങളില്‍ പുറത്തായ പൈലറ്റുമാരുടെ എണ്ണം 71 ആയി. പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ ലൈസന്‍സ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ എയര്‍ ഇന്ത്യ സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍ ജനറലിനെ സമീപിച്ചിട്ടുണ്ട്‌.

12 ഓളം രാജ്യാന്തര സര്‍വീസുകളാണ് എയര്‍ ഇന്ത്യ സമരം മൂലം വെള്ളിയാഴ്ച നിര്‍ത്തലാക്കിയിരിക്കുന്നത്. മെയ് 15 വരെ വിദേശ ബുക്കിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, ശമ്പള ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കിംഗ്ഫിഷര്‍ പൈലറ്റുമാരും വെള്ളിയാഴ്ച മുതല്‍ സമരം ആരംഭിച്ചിരിക്കുകയാണ്.

ഒരു വിഭാഗം പൈലറ്റുമാര്‍ ജോലിക്കു ഹാജരാവാത്തതിനെത്തുടര്‍ന്ന് 15 സര്‍വീസുകള്‍ കിംഗ്ഫിഷര്‍ റദ്ദാക്കി. ജനുവരിയിലെ ശമ്പളം മെയ് ഒമ്പതിനകം നല്‍കാമെന്ന ഉറപ്പ് മാനേജ്മെന്റ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൈലറ്റുമാരുടെ സമരം.

വെബ്ദുനിയ വായിക്കുക