എന്‍സിപി കേന്ദ്രമന്ത്രിസഭ വിടുന്നു

ശനി, 21 ജൂലൈ 2012 (09:23 IST)
PTI
PTI
എന്‍സിപി കോണ്‍ഗ്രസ്- തര്‍ക്കം മൂര്‍ച്ഛിക്കുന്നു. യുപിഎ മന്ത്രിസഭയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് എന്‍സിപി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നും പാര്‍ട്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ പാര്‍ട്ടി ഇക്കാര്യം ധരിപ്പിച്ചുകഴിഞ്ഞു.

യുപിഎയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശരദ് പവാറും കൂട്ടരും മന്ത്രിസഭ വിടാന്‍ തീരുമാനിച്ചത്. മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ ഉദ്ദേശിക്കുന്നതായി കാണിച്ച് പവാറും പ്രഫുല്‍ പട്ടേലും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കത്തയച്ചിരുന്നു. എന്‍സിപിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമന്‍ എന്ന പദവി ലഭിക്കാത്തതാണ് പവാര്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. പ്രണബ് മുഖര്‍ജി രാജിവച്ചതോടെ എ കെ ആന്റണിയെ പ്രധാനമന്ത്രി രണ്ടാമനായി നിയോഗിച്ചിരുന്നു.

അതേസമയം പവാറിനെ അനുനയിപ്പിക്കാനായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പവാര്‍ വിലപ്പെട്ട സഹപ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് യുപിഎ സര്‍ക്കാരിന് മുതല്‍ക്കൂട്ടാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക