എട്ടുപുതിയ മന്ത്രിമാര്‍; ഖാര്‍ഗെയ്ക്കു റെയില്‍‌വെ

ചൊവ്വ, 18 ജൂണ്‍ 2013 (08:21 IST)
PTI
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി എട്ട്‌ മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. നാല്‌ കാബിനറ്റ്‌ മന്ത്രിമാരും നാല്‌ സഹമന്ത്രിമാരുമാണ്‌ ഇന്ന്‌ ചുമതലയേറ്റത്‌. ഓസ്‌കര്‍ ഫെര്‍ണാണ്ടസ്‌ (ഉപരിതലഗതാഗതം), ശിശ്‌റാം ഓല (തൊഴില്‍), ഗിരിജാ വ്യാസ്‌ (ദാരിദ്ര്യനിര്‍മാര്‍ജനം, ഭവന നിര്‍മ്മാണം), കെ എസ്‌ റാവു (ടെക്‌സ്റ്റൈല്‍) എന്നിവരാണ്‌ കാബിനറ്റ്‌ മന്ത്രിമാരായി അധികാരമേറ്റത്‌. മാണിക്‌ റാവു (സാമൂഹികക്ഷേമം), സുദര്‍ശന്‍ നാച്ചിയപ്പന്‍ (വാണിജ്യം), സന്തോഷ്‌ ചൗധരി (ആരോഗ്യം) ജെ ഡി സീലം (ധനകാര്യം) എന്നിവര്‍ സഹമന്ത്രിമാരും.


തൊഴില്‍ മന്ത്രിയായിരുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പുതിയ റെയില്‍‌വെ മന്ത്രി. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ ചുമതലയിലോ വകുപ്പുകളിലോ മാറ്റമില്ല. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് സ്വതന്ത്രചുമതല ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒന്നാം യുപിഎ. സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന ശീശ്‌റാം ഓലയും ഓസ്‌കാര്‍ ഫെര്‍ണാണ്ടസും നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേന്ദ്രമന്ത്രിസഭയില്‍ തിരിച്ചെത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും മുന്‍നിര്‍ത്തിയുള്ള പരിഗണനകളാണ് പുനഃസംഘടനയില്‍ പ്രതിഫലിച്ചത്. രാജസ്ഥാനില്‍നിന്ന് രണ്ടുപേര്‍ കാബിനറ്റ് പദവിയില്‍ എത്തി. 85-കാരനായ മുതിര്‍ന്ന നേതാവ് ശീശ്‌റാം ഓലയും ഗിരിജാവ്യാസും. കര്‍ണാടകത്തില്‍നിന്നുള്ള നേതാവാണ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്. കെഎസ് റാവുവും , ജെ.ഡി. സീലവും ആന്ധ്രാപ്രദേശില്‍ നിന്നുള്ള എം.പി.മാരാണ്.

കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് ഖാര്‍ഗെ. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് സുപ്രധാനമായ റെയില്‍വേ വകുപ്പിന്റെ ചുമതല നല്‍കിയതെന്ന് കരുതപ്പെടുന്നു. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്‍നിര്‍ത്തിയാണ് പ്രമുഖ ജാട്ട് നേതാവുകൂടിയായ ശീശ്‌റാം ഓലയെ മന്ത്രിസഭയില്‍ ഉള്‍പ്പടുത്തിയതെന്നാണ് സൂചന.
പുനഃസംഘടനയോടെ റെയില്‍വേ വകുപ്പും ഉപരിതലഗതാഗത വകുപ്പും കര്‍ണാടകത്തില്‍നിന്നുള്ള മന്ത്രിമാര്‍ക്കാണ് ലഭിച്ചത്. എട്ടുപേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ കേന്ദ്രമന്ത്രിസഭയുടെ അംഗസംഖ്യ 77 ആയി.

വെബ്ദുനിയ വായിക്കുക