രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് റിമാന്റില്‍ കഴിയുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.
അതേസമയം കനയ്യകുമാറടക്കം അഞ്ച് ജെ എന്‍ യു വിദ്യാര്‍ഥികളെ പുറത്താക്കാനും 21 പേര്‍ക്കെതിരെ നടപടിയെടുക്കാനും ഉന്നതാധികാര സമിതി നിര്‍ദേശം നല്‍കിയതോടെ ജെ എന്‍ യുവില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുകയാണ്.
കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കുറ്റം ആരോപിക്കുന്ന വീഡിയോ വ്യാജമാണെന്ന് കോടതി പോലും അംഗീകരിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരെ തെളിവുണ്ടെന്ന് ഉന്നതാധികാര സമിതി പറയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന് ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥിയായ ആനന്ദ് പ്രകാശ് പ്രതികരിച്ചു. വ്യക്തമായ അന്വേഷണം നടത്താതെ ഏകപക്ഷീയമായ തീരുമാനമാണ് സമിതി കൈക്കൊള്ളുന്നതെന്നും അതില്‍ ചില താത്പര്യങ്ങള്‍ ഉണ്ടെന്നത് വ്യക്തമാണെന്നും ആനന്ദ് പ്രകാശ് പറഞ്ഞു.