ഉന്നത നീതിപീഠത്തിലേക്ക് അമിത് ഷായുടെ വിശ്വസ്തന്‍

Webdunia
വെള്ളി, 11 ജൂലൈ 2014 (10:30 IST)
ഉന്നത നീതിപീഠത്തിലേക്ക് അമിത് ഷായുടെ വിശ്വസ്തന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ബിജെപിയുടെ പുതിയ അധ്യക്ഷന്‍ അമിത് ഷായുടെ വിശ്വസ്തനും സുപ്രധാന കേസുകളില്‍ അഭിഭാഷകനുമായിരുന്ന അഡ്വ ഉദയ് യു ലളിത് സുപ്രീം കോടതി ജഡ്ജിയാകാന്‍ സാധ്യതയുള്ളതായാണ് വാര്‍ത്ത. മുന്‍ അഡ്വക്കേറ്റ് ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ജഡ്ജിയാകുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതും ഇക്കാര്യമാണ്
 
സുപ്രീം കോടതി ജഡ്ജിമാരാകാന്‍ പരിഗണിക്കുന്ന മൂന്ന് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റീസുമാര്‍ക്കൊപ്പം ലളിതിന്റെ പേരും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ പാനല്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് നിയമിക്കപ്പെടുന്ന ആറാമത്തെ അഭിഭാഷകനായിരിക്കും ഉദയ് ലളിത്. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2ജി സ്‌പെക്ട്രം ലൈസന്‍സ് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
അമിത് ഷാ പ്രതി ചേര്‍ക്കപ്പെട്ട ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ഷായ്ക്കു വേണ്ടി ഹാജരായിരുന്നത് അഡ്വ ഉദയ് ലളിത് ആയിരുന്നു. സോറാബുദീന്‍ ഷെയ്ഖ്, തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടലുകള്‍ ഇതില്‍പെടും. ഇതേ കേസുകളില്‍ പ്രോസിക്യൂഷന്‍ അഭിഭാഷകനായിരുന്നു എ.ജിയായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം. സുബ്രഹ്മണ്യവും നരിമാരുമടക്കം നാലുപേരുടെ പട്ടിക അടുത്ത കാലത്ത് സുപ്രീം കോടതി കൊളീജിയം സര്‍ക്കാരിന് ശിപാര്‍ശ ചെയ്തുവെങ്കിലും സുബ്രഹ്മണ്യത്തെ മാത്രം ഒഴിവാക്കിയാണ് സര്‍ക്കാര്‍ പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.