ഉത്തരാഖണ്ഡ് പ്രളയം: 127 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ചൊവ്വ, 25 ജൂണ്‍ 2013 (18:13 IST)
PRO
PRO
കേദര്‍നാഥില്‍ നിന്നും 127 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കണ്ടെടുത്ത മൃതദേഹങ്ങളുടെ ഔദ്യോഗിക എണ്ണം 807 ആയി ഉയര്‍ന്നു. കനത്ത മഴയും മൂടല്‍മഞ്ഞും ഉത്തരാഖണ്ഡില്‍ തുടരുകയാണ്. അനൗദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 5000 കവിയും.

സംസ്ഥാനത്ത് ഇപ്പോഴും 8000 പേര്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരില്‍ പലരുടെയും ആരോഗ്യ നില മോശമായി. മഴ കനത്തതോടെ വീണ്ടും മണ്ണിടിഞ്ഞു.

അതേസമയം, അതിപ്രളയത്തില്‍ കുടുങ്ങിയ മറ്റു പത്ത് മലയാളികളെക്കുറിച്ച് വിവരമില്ല. ഗോല്‍ച്ചറില്‍ ആറു മലയാളികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ശിവഗിരി മഠത്തിലെ രണ്ട് സന്യാസിമാരടക്കം 19 ഓളം തീര്‍ഥാടകര്‍ ബദരീനാഥിലെ ബോലാഗിരി ആശ്രമത്തില്‍ അഭയം തേടി. ബദരീനാഥില്‍ മാത്രം 5000 ല്‍ അധികം ആളുകളാണ് രക്ഷാപ്രവര്‍ത്തകരുടെ സഹായം കാത്തിരിക്കുന്നത്.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം തിങ്കളാഴ്ച 1000 ആളുകളെ മാത്രമാണ് പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും മാറ്റാനായത്. ബദരീനാഥില്‍ കുടുങ്ങിയ തീര്‍ഥാടകരെ രക്ഷിക്കാന്‍ മഴ മൂലം തിങ്കളാഴ്ച ഒറ്റ ഹെലികോപ്ടറുകള്‍ക്കും സഹസ്രാധാര ഹെലിപ്പാഡില്‍ നിന്ന് പുറപ്പെടാനായില്ല.

അതിനിടെ, കേദാര്‍നാഥില്‍ മരിച്ചവരെ ദഹിപ്പിക്കാനായി 50 ടണ്‍ മരവും നെയ്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മഴ മാറിയാലുടന്‍ മൃതദേഹങ്ങള്‍ കൂട്ടമായി ദഹിപ്പിക്കും. മൃതദേഹങ്ങള്‍ ചീഞ്ഞഴുകി രോഗങ്ങള്‍ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കൂട്ട സംസ്കാരത്തിന് ഒരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക