ഇന്ത്യയിലെ ജനങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയുമാണെന്റെ ജീവന്‍‍: വികാരാധീനനായി രാഹുല്‍

ഞായര്‍, 20 ജനുവരി 2013 (18:15 IST)
PTI
PTI
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം തനിക്കു ലഭിച്ച അംഗീകാരമാണെന്ന് രാഹുല്‍ ഗാന്ധി. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പദവി അംഗീകാരമായി കാണുന്നു. മറ്റ് മുതിര്‍ന്ന നേതാക്കള്‍ ഉള്ളപ്പോള്‍ തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുന്നതായും രാഹുല്‍ പറഞ്ഞു. വികാരാധീനനായ രാഹുല്‍ ഇന്ത്യയിലെ ജനങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ് തന്റെ ജീവന്‍ എന്ന് പറഞ്ഞു.

എട്ട്‌ വര്‍ഷത്തെ പാര്‍ട്ടിപ്രവര്‍ത്തനം കൊണ്ട്‌ താന്‍ ഒരുപാട് പഠിച്ചു. മാറ്റത്തിന് കൊതിയ്ക്കുന്ന യുവത്വത്തിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കണമെന്നും 42കാരനായ രാഹുല്‍ പറഞ്ഞു. യുവത്വം ക്ഷുഭിതരാകുന്നത് എന്തുകൊണ്ടാണ്? നിലവിലെ രാഷ്ട്രീയ വ്യവസ്ഥ അവരെ ഒറ്റപ്പെടുത്തുന്നു എന്ന തോന്നല്‍ കൊണ്ടാണ്. അത് മാറണം. അധികാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്നം. വികേന്ദ്രീകരണത്തിലൂടെ അധികാരം താഴെത്തട്ടിലേയ്ക്ക് എത്തേണ്ടതുണ്ട്. വെല്ലുവിളികള്‍ ധാരാളമുണ്ടെന്നും മാറ്റങ്ങള്‍ക്ക് വേണ്ടി നിലവിലുള്ള സംവിധാനങ്ങളെ പൊളിച്ചെഴുതേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. അഴിമതിയെ തുടച്ചുനീക്കണമെന്ന് പറയുന്നവര്‍ തന്നെയാണ് അഴിമതിയ്ക്ക് മുതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നോടൊപ്പം ബാഡ്മിന്റണ്‍ കളിക്കാറുള്ള ആളാണ് ഇന്ദിരാഗാന്ധിയെ വെടിവച്ചുകൊന്നത്. പിതാവ് രാജീവ് ഗാന്ധി കരയുന്നത് അന്ന് ആദ്യമായി താന്‍ കണ്ടു. കഴിഞ്ഞ രാത്രി അമ്മ സോണിയാ ഗാന്ധി തന്റെ മുന്നില്‍ കരഞ്ഞതായും രാഹുല്‍ വെളിപ്പെടുത്തി. അധികാരം വിഷമാണ് എന്ന തിരിച്ചറിവിനാലാണതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം. കൂടുതല്‍ കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് വരണം. പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥി നിര്‍ണയരീതി മാറണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക്‌ നല്‍കുന്ന പരിഗണന പുന:പരിശോധിക്കണം. പാര്‍ട്ടി പ്രവര്‍ത്തകരെ ബഹുമാനിക്കാന്‍ തയ്യാറാകണം. അതുപോലെ തന്നെ പ്രവര്‍ത്തിക്കാത്തവരെ ഒഴിവാക്കുകയും വേണം. തെരഞ്ഞെടുപ്പില്‍ വിമതനീക്കം നടത്തുന്നവരെയും ഒഴിവാക്കണം. താഴെ തട്ടിലുള്ളവരോട്‌ ആലോചിക്കാതെ പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതിനെയും രാഹുല്‍ വിമര്‍ശിച്ചു. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പിന് ശേഷം കാണാന്‍ സാധിക്കില്ല.

രാഹുലിന്റെ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ രാഹുല്‍ പിന്നെ ഹിന്ദിയിലേക്ക് ചുവടുമാറി. വീണ്ടും ഇംഗ്ലിഷിലേക്ക് അദ്ദേഹം തിരിച്ചെത്തി. ചിരി മുഖത്ത് വിരളമായിരുന്നു.

വെബ്ദുനിയ വായിക്കുക