ആസാദിനെ വെടിവച്ചത് പോയന്റ് ബ്ലാങ്കില്‍

ശനി, 28 ഓഗസ്റ്റ് 2010 (15:51 IST)
PRO
മാവോയിസ്റ്റ് വക്താവ് ആസാദിനെ വ്യാജ ഏറ്റുമുട്ടലിലാണ് വധിച്ചതെന്ന് ‘ഔട്ട് ലുക്ക്’ മാഗസിന്‍. ആസാദിനെ ‘പോയന്റ് ബ്ലാങ്ക്’ റേഞ്ചില്‍ വെടിവച്ചാണ് കൊന്നതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ് എന്ന് മാഗസിന്‍ വെളിപ്പെടുത്തി.

ജൂലൈ ഒന്നിന് അഡിലാബാദില്‍ വച്ച് നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൈത്തോക്ക് ഉപയോഗിച്ച് പോയന്റ് ബ്ലാങ്ക് റേഞ്ചില്‍ വച്ചാണ് ആസാദിനെ വെടിവച്ച് കൊന്നത്. മാഗസിന് ആസാദിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു എന്നും അതിന്റെ പകര്‍പ്പ് മൂന്ന് വ്യത്യസ്ത നഗരങ്ങളിലെ വിദഗ്ധരെ കാണിച്ചപ്പോഴാണ് പോയന്റ് ബ്ലാങ്ക് റേഞ്ചിലാണ് വെടിവയ്പ് നടന്നതെന്ന് മനസ്സിലാക്കാനായത് എന്നും മാഗസിന്‍ വെളിപ്പെടുത്തുന്നു.

ആയുധങ്ങള്‍ മൂലമുണ്ടാകുന്ന മുറിവുകളെ കുറിച്ചും ഫോറന്‍സിക് മെഡിനിനിലും വൈദഗ്ധ്യമുള്ളവരാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനെ കുറിച്ച് വിശകലനം നടത്തിയത്. ആസാദിന്റെ നെഞ്ചിന്റെ ഇടത് ഭാഗത്ത് വെറും 7.5 സെമീ അകലത്തില്‍ നിന്നോ അല്ലെങ്കില്‍ അതിലും അടുത്ത് നിന്നോ ആണ് വെടിയേറ്റത്. ഹൃദയം തകര്‍ത്ത വെടിയുണ്ട ശരീരത്തിന്റെ പിന്‍ഭാഗത്ത് ഒമ്പതാമത്തെയും പത്താമത്തെയും വാരിയെല്ലുകള്‍ക്കിടയിലൂടെയാണ് പുറത്തുവന്നത്.

നെഞ്ചിലെ ഓവല്‍ ആകൃതിയിലുള്ള മുറിവിന് 1 സെമീ വ്യാസമുണ്ട്. ബുള്ളറ്റ് തുളച്ചു കയറിയിടത്ത് കറുത്ത നിറവും പൊള്ളലും ഉണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതെല്ലാം വളരെ അടുത്ത് വച്ച് വെടിയേറ്റത്തിന്റെ ലക്ഷണങ്ങളാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയത് എന്നും മാഗസിന്‍ പുറത്തു വിട്ട വിവരത്തില്‍ പറയുന്നു.

ആസാ‍ദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന പൊലീസിന്റെ വാദഗതികള്‍ക്ക് നേര്‍വിപരീതമാണ് ഔട്ട്ലുക്ക് പുറത്തുവിട്ട വിവരങ്ങള്‍.

വെബ്ദുനിയ വായിക്കുക