ആറന്‍‌മുളയ്ക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി, കേന്ദ്രത്തില്‍ ബി‌ജെ‌പി മലക്കം മറിയുന്നു

വെള്ളി, 24 ഏപ്രില്‍ 2015 (16:20 IST)
ബി ജെ പി കേരള ഘടകത്തിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ ആറന്‍‌മുള വിമാനത്താവളത്തെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനവുമായി കെ ജി എസ് ഗ്രൂപ്പിന് മുന്നോട്ടുപോകാമെന്ന നിലപാടെടുത്തിരിക്കുകയാണ് കേന്ദ്രം.
 
കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതിയാണ് കെ ജി എസിന് ഈ അറിയിപ്പ് നല്‍കിയത്. കേന്ദ്രത്തിന്‍റെ പച്ചക്കൊടി കിട്ടിയതോടെ ആറന്‍‌മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുകയാണ്.
 
പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷവും ഏറെ കടമ്പകള്‍ കെ ജി എസ് ഗ്രൂപ്പിന് കടക്കേണ്ടതുണ്ട്. എന്നാല്‍ പഠനം നടത്താന്‍ വീണ്ടും അനുമതി ലഭിച്ചത് കെ ജി എസിന് വലിയ ആശ്വാസമായിരിക്കുകയാണ്. നേരത്തേ എന്‍‌വിറോ കെയര്‍ എന്ന സ്ഥാപനം നടത്തിയ പാരിസ്ഥിതികപഠന റിപ്പോര്‍ട്ട് ഗ്രീന്‍ ട്രൈബ്യൂണല്‍ തള്ളിക്കളഞ്ഞിരുന്നു. വീണ്ടും പഠനം നടത്താനുള്ള അനുമതി ലഭിച്ചതോടെ പദ്ധതിയുമായി ധൈര്യമായി കെ ജി എസിന് മുമ്പോട്ടുപോകാം.
 
വീണ്ടും പഠനം നടത്തിയ ശേഷം വനം പരിസ്ഥിതി മന്ത്രാലയത്തിനുമുമ്പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. പാരിസ്ഥിതിക പഠനത്തിന്‍റെ റിപ്പോര്‍ട്ട് വനം മന്ത്രി അംഗീകരിച്ചാല്‍ ആറന്‍‌മുള വിമാനത്താവളം സാധ്യമാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തും. 
 
ആറന്‍മുളയിലെ ഭൂമി വിമാനത്താവളത്തിന് അനുകൂലമല്ലെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോല്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. ഇത് കേരളത്തിലെ ബി ജെ പിക്കാണ് ഏറ്റവും വലിയ തിരിച്ചടിയായത്. കാരണം ബി ജെ പി സംസ്ഥാന നേതൃത്വമാണ് പദ്ധതിക്കെതിരായ സമരപരിപാടികള്‍ക്ക് ഇതുവരെ നേതൃത്വം നല്‍കിയിരുന്നത്.

വെബ്ദുനിയ വായിക്കുക