ആയുധം വേണ്ട, ഇത് പാരമ്പര്യം നിലനിർത്തുന്നതിനായുള്ള പോരാട്ടം!

വെള്ളി, 20 ജനുവരി 2017 (13:37 IST)
ഒരിടവേളയ്ക്ക് ശേഷം 'ജെല്ലിക്കെട്ട്' വാർത്തകളിൽ ഇടം പിടിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ അവതാളത്തിലായത് ഇന്ത്യയാണ്. ആരും പ്രതീക്ഷിക്കാത്ത പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. മറീന ബീച്ചിൽ രണ്ടു രാപകലുകളായി അലയടിക്കുന്നത് യുവാക്കളുടെ ഉശിരുള്ള മുദ്രാവാക്യങ്ങളാണ്. തങ്ങളുടെ പാരമ്പര്യത്തിനായിട്ടാണ് ഓരോ തമിഴനും കളത്തിലിറങ്ങിയിരിക്കുന്നത്.
 
തമിഴകം മുൻപു കണ്ടിട്ടില്ലാത്ത വ്യത്യസ്ത സമരത്തിനാണ് നാലു ദിവസം മുമ്പ് തിരിതെളിഞ്ഞത്. പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട്ടിലെങ്ങും നടക്കുന്ന ജനകീയ സമരം യുവത്വത്തിന്റെ പോരാട്ടവീര്യമായി കത്തിപ്പടരുന്നതു മറീനയിലാണ്. ഏതാണ്ട് 200 പേരുമായി ചൊവ്വാഴ്ച തുടങ്ങിയ സമരത്തിലേക്ക് ഇന്നലെയായപ്പോഴേക്കും ഒഴുകിയെത്തിയത് അരലക്ഷത്തോളം പേർ. 
 
തമിഴ്നാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ജനകീയ സമരങ്ങളിലൊന്ന്. മനുഷ്യര്‍ കാളകളെ മെരുക്കുന്ന ഈ പരമ്പരാഗത കായിക വിനോദം ഇപ്പോള്‍ വിവാദത്തിനു കാരണമായിരിക്കുകയാണ്. കാളകളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു എന്ന വാദമുഖവുമായി ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചതാണ് വിവാദ കാരണമായത്.
 
ജെല്ലിക്കെട്ട് ചരിത്രങ്ങളിലൂടെ:
 
പാരമ്പര്യ ആചാരത്തിന്‍റെ ഭാഗമായും ദേവ പ്രീതിക്കുമായി തമിഴ്നാട്ടില്‍ നടത്തുന്ന ജെല്ലിക്കെട്ട് അവിശ്വസനീയമായ കാഴ്ചകളാണ് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. മനുഷ്യരുടെ പതിന്‍‌മടങ്ങ് ശക്തിയുള്ള കാളകളെയാണ് മനുഷ്യര്‍ക്ക് കീഴടക്കേണ്ടി വരുന്നത്. ജീവന്‍‌പണയം വച്ചുള്ള ഈ വിനോദത്തെ തമിഴ്നാട്ടുകാര്‍ ജീവിതത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഭാഗമാക്കുന്നു. തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവവമായ പൊങ്കലിനോട് അനുബന്ധിച്ചു നടത്തുന്ന ജെല്ലിക്കെട്ട് ഒരു പരമ്പതാഗത ഉത്സവമാണ്. 
 
ജെല്ലിക്കെട്ട് ധൈര്യത്തിന്‍റെയും നെഞ്ചുറപ്പിന്‍റെയും ഉത്സവമാണോ അതോ ഒരു അപരിഷ്കൃത വിനോദമാണോ എന്ന് ചോദിച്ചാൽ ആദ്യത്തേതിനാണ് ഇപ്പോ‌ൾ പ്രാധാന്യം. ജല്ലിക്കെട്ട് അതിപുരാതന കാലം മുതല്‍ക്ക് നിലനില്‍ക്കുന്ന ഒരു തമിഴ് പരമ്പരാഗത കായിക മത്സരമാണ്. ഇത്തരത്തില്‍ ജീവന്‍ പണയം വച്ച് കാളയെ മെരുക്കുന്നവരെ മാത്രമേ തമിഴ് യുവതികള്‍ വിവാഹം ചെയ്തിരുന്നുള്ളൂ എന്ന് പുരാതന തമിഴ് സാഹിത്യകൃതികളില്‍ പറയുന്നു. മൊഹഞ്ചദാരോയിലും ഹാരപ്പയിലും നടന്ന ഖനനങ്ങളും ഈ കായിക മത്സരം പണ്ട് മുതല്‍ക്കേ നിലവിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.
 
ആൺ, പെൺ വ്യത്യാസമില്ലാതെ യുവാക്കൾ സമരത്തെക്കുറിച്ചു കേട്ടറിഞ്ഞു മറീനയിലെത്തി അണിചേരുന്നു. സമരക്കാർക്കു ഭക്ഷണവും വെള്ളവുമെത്തിക്കാൻ സന്നദ്ധരായി ഒട്ടേറെപ്പേർ രംഗത്തുണ്ട്. മൊബൈൽ, ഇന്റർനെറ്റ് ലഭ്യത തടസ്സപ്പെടുത്തിയും വൈദ്യുതി മുടക്കിയും സമരം പൊളിക്കാനുള്ള അധികൃതരുടെ നീക്കങ്ങൾ വിലപ്പോയില്ല. രാത്രി പൊലീസ് ചെറിയ തോതിൽ ലാത്തിച്ചാർജ് നടത്തി. എന്നിട്ടും ആരുടെയും ആവേശം കെട്ടടങ്ങിയില്ല.
 
മറീന കടൽക്കരയിൽ തന്നെ താമസിച്ചാണ് പെൺകുട്ടികൾ അടക്കമുള്ളവർ പ്രതിഷേധം നടത്തുന്നത്. യുവജനങ്ങളുടേ ഈ പ്രതിഷേധാഗ്നിയിൽ അക്ഷരാർത്ഥത്തിൽ സ്തംഭിച്ച് നിൽക്കുകയാണ് തമിഴ്‌നാട്.
 വളരെ വ്യത്യസ്തമായ സമരരീതികളാണ് ജെല്ലിക്കെട്ടിനായി വിദ്യാർത്ഥികളും യുവജനങ്ങളും കൈക്കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയം. 
 
കേരളത്തിൻറെ സമരമാർഗമായിരുന്ന മനുഷ്യച്ചങ്ങലയാണ് വിദ്യർത്ഥികൾ ഇവിടെ പരീക്ഷിച്ച പുതിയ ആയുധം. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മനുഷ്യച്ചങ്ങലകളാണ് തമിഴ്‌നാട്ടിലാകെ രൂപം കൊണ്ടിരിക്കുന്നത്. നാടൻ പാട്ട്, തെരുവ് നാടകം, നൃത്തം, ബൈക്ക് റാലി തുടങ്ങിയ സമര മാർഗങ്ങളും യുവജനങ്ങൾ സ്വീകരിക്കുന്നു. മുദ്രാവാക്യങ്ങളെല്ലാം ആവേശഭരിതമാണ്. "ആയിരം ഇളഞർ തുനിന്തുവിട്ടാൽ ആയുധം എതുവും തേവൈയില്ലൈ" എന്ന മുദ്രാവാക്യമാണ് മറീനയിൽ സമരാഗ്നി ആളിക്കത്തിക്കുന്നത്.

വെബ്ദുനിയ വായിക്കുക