പൊലീസ് വെടിവെപ്പില്‍ ആന്ധ്രയില്‍ എട്ട് പേര്‍ മരിക്കാനിടയായ സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി രാജി വെക്കണമെന്നാണ് ഇടതുപക്ഷത്തിന്‍റെ ആവശ്യമെങ്കിലും കോണ്‍ഗ്രസ് നേതൃത്വം റെഡ്ഡിക്ക് പിന്തുണ നല്‍കി ഉറച്ചു നില്‍ക്കുന്നു.
റെഡ്ഡിയുടെ രാജി തല്‍ക്കാലം കോണ്‍ഗ്രസിന്‍റെ പരിഗണനയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇടതുപക്ഷത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിങ്കളാഴ്ച രാത്രി ആന്ധ്രയിലേക്ക് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പോയിട്ടുണ്ട്. ആന്ധ്രയിലേക്ക് പോകുന്നതിന് മുമ്പ് പ്രധാനമന്ത്രി മുഖ്യമന്ത്രി രാജശേഖരറെഡ്ഡിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
ഇടതുപക്ഷത്തിനെ പ്രീതിപ്പെടുത്താന്‍ മന്‍മോഹന്‍സിംഗ് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കമെന്ന് രാജശേഖര റെഡ്ഡിയോട് അഭ്യര്‍ത്ഥിക്കുമെന്നാണ് സൂചന. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുകയെന്നത് ഐക്യപുരോഗമന സഖ്യത്തിന്‍റെ അജണ്ടകളിലൊന്നാണ്
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ റാലിക്ക് നേരെ ഖമ്മം ജില്ലയില്‍ വെച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് നേരെ റാലിക്കാര്‍ കല്ലേറ് നടത്തിയപ്പോഴായിരുന്നു വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.