കത്തിലെ കൈയ്യക്ഷരവും ജിയയുടെ കൈയ്യക്ഷരവും ഒന്നാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ജിയ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് അമ്മ റാബിയ ഖാന്‍ കഴിഞ്ഞ ദിവസം പൊലീസിന് കൈമാറിയിരുന്നു. ജിയയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നു.
ജിയാഖാന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടറുമാര്‍ ബാഹ്യപരുക്കുകളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. കാമുകന്‍ സൂരജ് പഞ്ചോളി ജിയയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്ന് ജിയയുടെ അമ്മ റാബിയ പൊലീസിനോട് പറഞ്ഞിരുന്നു. സൂരജ് അടിച്ചതിന്റെ പാടുകള്‍ ജിയയുടെ മുഖത്തുണ്ടായിരുന്നുവെന്നും റാബിയ പറഞ്ഞിരുന്നു.
ഇതെ തുടര്‍ന്നു സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജിയയും കാമുകന്‍ സൂരജും തമ്മിലുള്ള ബന്ധം വഷളായതിനെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളത്. സൂരജ് തന്നെ ചതിച്ചു എന്ന് ജിയ കത്തില്‍ പറയുന്നുണ്ട്. ജിയ ഗര്‍ഭിണിയായെന്നും അബോര്‍ഷന്‍ നടത്തിയെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം ജിയയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില മെഡിക്കല്‍ രേഖകളും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് ഇവ പരിശോധിച്ചുവരികയാണ്. താരങ്ങളായ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനായ സൂരജിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ സൂരജിന്റെ അമ്മ സെറീന വാഹാബ് സൂരജിനെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചു.