ഒരാളുടെ വരുമാനം പരിശോധിക്കുന്നതിനായി നിലവില്‍ പിന്തുടരുന്നത് ബാങ്ക് അക്കൗണ്ട് പരിശോധനയാണ്. എന്നാല്‍ അത്തരത്തിലുള്ള പരമ്പരാഗത രീതികള്‍ ഒഴിവാക്കി പുതിയ സാധ്യതകള്‍ തേടുകയാണ് ആദായ നികുതി വകുപ്പ്. അതിനായാണ് വ്യക്തികളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയ സാധ്യതകള്‍ പ്രയോജനപ്പെുത്തിയുള്ള പദ്ധതി കൊണ്ടുവരാന്‍ ആദായ നികുതി വകുപ്പ് തയ്യാറെടുക്കുന്നത്.
വ്യക്തികളുടെ ചെലവ് ചെയ്യല്‍ രീതികളായിരിക്കും ഇതിലൂടെ പരിശോധിക്കുക. ആദായ നികുതി റിട്ടേണിലൂടെ വെളിപ്പെടുത്തുന്ന വരുമാനവുമായി ഇത് താരതമ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഫീസോ, വീടോ റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്ത് പരിശോധിക്കുന്ന രീതി പിന്തുടരാതെ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയായിരിക്കും ഇനി ആദായ നികുതി വകുപ്പ് നടപടിയെടുക്കുക.