VS Achuthanandan: അവസാന ദിവസങ്ങളില്‍ ഡോക്ടര്‍മാരും അതിശയിച്ചു, 'മരണത്തോടും എന്തൊരു പോരാട്ടം'

രേണുക വേണു

തിങ്കള്‍, 21 ജൂലൈ 2025 (16:50 IST)
VS Achuthanandan

VS Achuthanandan: വി.എസ്.അച്യുതാനന്ദന്‍ ഓര്‍മയാകുമ്പോള്‍ നിലയ്ക്കുന്നത് കേരളത്തിലെ ഐതിഹാസിക പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാക്കളില്‍ ജീവനോടെ ഉണ്ടായിരുന്നത് വി.എസ് മാത്രമാണ്. ഒടുവില്‍ വി.എസും പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് നിത്യവിശ്രമത്തിലേക്ക്..! 
 
ജൂണ്‍ 23 നാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വാസത്തിന്റെ 29-ാം ദിവസം വി.എസ് വിടവാങ്ങി. കഴിഞ്ഞ 29 ദിവസത്തെ കുറിച്ച് വി.എസിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ സംസാരിക്കുന്നത് അതിശയത്തോടെയാണ്. 
 
ഹൃദയാഘാതത്തെ തുടര്‍ന്നാണ് വി.എസിനെ പട്ടം എസ്.യു.ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെ വി.എസിന്റെ ജീവന്‍ നിലനിര്‍ത്തി. ഇതിനിടെ ആരോഗ്യനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. എപ്പോള്‍ വേണമെങ്കിലും മരണം സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും അത്ര പെട്ടന്ന് മരണത്തോടുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ വി.എസ് തയ്യാറല്ലായിരുന്നു. 
 
വൃക്കകളുടെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലെത്തിക്കാനായിരുന്നു ഡോക്ടര്‍മാരുടെ ശ്രമം. മരുന്നുകളോടു കൃത്യമായി പ്രതികരിച്ച് വി.എസ് പലപ്പോഴും പ്രതീക്ഷ നല്‍കി. പലതവണ മരണത്തിനു മുന്നില്‍ നിന്ന് പോരാടി കയറിവന്ന വി.എസ് ആശുപത്രി കിടക്കയിലും ഡോക്ടര്‍മാരെ ഞെട്ടിച്ചു. ഒടുവില്‍ 102 വയസ് തികയാന്‍ മൂന്ന് മാസങ്ങള്‍ ശേഷിക്കെ വി.എസിന്റെ നിത്യതയിലേക്കുള്ള മടക്കം..! 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍