' ഞങ്ങളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ് അച്ഛന്റെ ഇപ്പോഴത്തെ ആശുപത്രി വാസം. ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോള്‍ പ്രതീക്ഷയുടെ ചില കിരണങ്ങള്‍ ലഭിക്കുന്നുണ്ട്. തുടര്‍ന്ന് വരുന്ന ഡയാലിസിസ് ഇപ്പോഴുള്ള വിഷമതകള്‍ മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഡയാലിസിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം തലവന്‍ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രമത്തില്‍ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം എന്നാണ് അദ്ദേഹവും നിര്‍ദ്ദേശിച്ചത്. സഖാവ് വീഎസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങള്‍ പ്രതീക്ഷയില്‍ത്തന്നെയാണ്.' അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. പട്ടം എസ്.യു.ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആണ് വി.എസ് ചികിത്സയില്‍ തുടരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഏഴ് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘവും വി.എസിന്റെ ചികിത്സയ്ക്കായി പട്ടം എസ്.യു.ടി ആശുപത്രിയിലുണ്ട്. ഇപ്പോള്‍ നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സി.ആര്‍.ആര്‍.ടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകള്‍ തുടരാനും ആവശ്യമെങ്കില്‍ ഉചിതമായ മാറ്റം വരുത്താനുമാണ് മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം.
കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 23 തിങ്കളാഴ്ച ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.