അർദ്ധനഗ്നരായ, ശരീരത്തിലും വസ്ത്രത്തിലും ചളിപറ്റിപ്പിടിച്ച പട്ടിണിക്കോലങ്ങളായ കുട്ടികൾ; ചുട്ട എലിയാണ് അവരുടെ ഭക്ഷണം!
ബുധന്‍, 7 ജൂണ്‍ 2017 (10:30 IST)
ഇന്ത്യയെന്നത് ഒരു ആവേശമാണ്. ഭാരത്തിൽ ജീവിക്കുന്നവർ തന്നെ തിരിച്ചറിയാതെ പോകുന്ന ഒരുപാട് ജീവിതങ്ങൾ ഇന്ത്യയിലുണ്ട്. എലിയെ ചുട്ടു തിന്നുന്ന ഒരുകൂട്ടം സമൂഹത്തെ പുറംലോകത്തിന് പരിചയപ്പെടുത്തികൊണ്ടുള്ള ജഗദീഷ് മാടായിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ചുട്ട എലി ഭക്ഷണമാക്കിയ സമൂഹമാണ് മുസഹർ എന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പരമേശ്വരനാണ് ആദ്യത്തെ മുസഹരേ സൃഷ്ടിച്ചതെന്നും മുസഹർക്ക് വാഹനമായി നൽകിയ കുതിരയുടെ വയറ്റിൽ ദ്വാരം സൃഷ്ടിച്ച് കാൽ വെക്കാൻ സൗകര്യമൊരുക്കിയതിൽ കുപിതനായ പരമേശ്വരൻ എലിയെ പിടിച്ചു തിന്നു ജീവിക്കുന്നവരാകാൻ ശപിച്ചുവെന്നും അവർ വിശ്വസിക്കുന്നു. ബീഹാർ, ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ജനതയാണ് മുസഹർ. ഹൈന്ദവതയിലെ ജാതിവ്യവസ്ഥിയിൽ ഏറ്റവും താഴെ കിടക്കുന്ന ശൂദ്രരിലെ ഒരു വിഭാഗം. തൊട്ടുകൂടായ്മയുടെ ജീവിക്കുന്ന പ്രതീകങ്ങൾ.
സ്വന്തമായി ഭൂമിയില്ലാത്ത ഇക്കൂട്ടർ തദ്ദേശങ്ങളിലെ സമീന്ദാരുടെ തോട്ടത്തിലെ ജോലിയിലോ , മാടുകളെ മേയ്ക്കുന്ന ജോലിയിലോ ആണ് ഏർപ്പെട്ടിരിക്കുന്നത്. ഇവരുടെ പ്രധാനഭക്ഷണം ജോലി ചെയ്യുന്ന സമീന്ദാരുടെ ഔദാര്യമായി കിട്ടുന്ന തോട്ടങ്ങളിലെയും വയലുകളിലെയും എലികളാണ് . എലിയെ ചുട്ടു തിന്നുകയാണ് പതിവ്.
ദർഭംഗ ജില്ലയിലെ കബോൾ വില്ലേജിൽ സമൂഹത്തിൽ നിന്നും വിട്ട് മാറി താമസിക്കുന്ന ഇരുന്നൂറ്റിയമ്പത് കുടുംബങ്ങളെ കാണാം. അർദ്ധനഗ്നരായ, ശരീരത്തിലും വസ്ത്രത്തിലും ചളിപറ്റിപ്പിടിച്ച പട്ടിണിക്കോലങ്ങളായ കുട്ടികൾ. പോഷകാഹാരങ്ങളുടെ അഭാവം തെളിഞ്ഞു കാണപ്പെടുന്നു ഈ കുട്ടികളിൽ . "മുൻപൊക്കെ ഞങ്ങളുടെ പ്രധാന ഭക്ഷണം എലികളും എലിയുടെ മാളത്തിൽ നിന്നും കിട്ടുന്ന ധാന്യങ്ങളും ആയിരുന്നു. ഇപ്പോൾ ആ അവസ്ഥയിൽ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. ധാന്യങ്ങളും മറ്റുള്ളവയും വില കൊടുത്ത് വാങ്ങാൻ കഴിവുള്ളവർ അപൂർവം. അതിന് കഴിയാത്തവർ ഇപ്പോഴും പുഴയിലെ മീനുകളും മറ്റും കഴിക്കുന്നു. പിന്നെ പാറ്റകളെയും ഒച്ചുകളെയും " കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾ എലിയെ ചുട്ടുകഴിച്ചു ജീവിച്ച ഒരു മുത്തശ്ശിയുടെ വാക്കുകൾ.
സവർണ്ണാധിപത്യമുള്ള ഈ സംസ്ഥാനങ്ങളിൽ ഇവർ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും വേറിട്ട് നിൽക്കാൻ നിർബന്ധിതരാണ്. ശൂദ്രരിലെ ശൂദ്രർ എന്ന് തന്നെ വിശേഷിപ്പിക്കാം ഇവരെ. മറ്റുള്ളവരുടെ പറമ്പുകളിൽ കയറാനോ, കിണറ്റിൽ നിന്നും ഒരു തുടം വെള്ളമെടുക്കാനോ അധികാരമില്ലാത്തവർ. അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും ഭക്ഷണവും വൈദ്യുതിയും ലഭ്യമാകാതെ ജീവിക്കുന്നവർ. എട്ടടി നീളത്തിൽ പൊക്കിക്കെട്ടിയ മൺകുടിലുകളിലാണ് ഇവരുടെ താമസം.
ദിവസക്കൂലി ഇരുപത്തിയഞ്ചു രൂപയോ മുപ്പതു രൂപയോ ലഭിക്കുന്ന ഇക്കൂട്ടർക്ക് വർഷത്തിൽ ഏകദേശം എട്ട് മാസം മാത്രമേ വയലുകളിലും തോട്ടങ്ങളിലും ജോലിയുണ്ടാകുള്ളൂ. ബാക്കി മാസങ്ങളിൽ മിക്ക കുടുംബങ്ങളും പട്ടിണിയിലായിരിക്കും. ചിലരാകട്ടെ ചെരിപ്പുകുത്തിയായി തൊഴിലെടുക്കുന്നു. പാട്ട പെറുക്കിയും മാലിന്യങ്ങൾ വൃത്തിയാക്കുന്ന തൊഴിലാഴിയായും ജീവിക്കുന്നവരുമുണ്ട്. വിളവെടുപ്പ് സമയത്താണ് ഇവർ സകുടുംബം എലിയെ പിടിക്കാനായി വയലിലേക്കിറങ്ങുന്നത്. ഈ സമയത്ത് എലികൾ സുലഭമായിരിക്കും എന്നതാണ് കാരണം. സമീന്ദാരുടെ അനുമതിയില്ലാതെ ഇവർക്ക് വയലിലിറങ്ങി എലിയെ പിടിക്കാൻ സാധ്യമല്ല.
കുട്ടികളും അച്ഛനമ്മമാരോടൊപ്പം ജോലിക്ക് പോകുന്നത് അടിസ്ഥാനവിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവത്താലും ബന്ധപ്പെട്ട ഉദ്യോഗസ്ഥസമൂഹത്തിന്റെ അവഗണനയാലും കാരണമാണ് . ഇവരുടെ ഗ്രാമങ്ങളിൽ നിന്നും അകന്നാണ് പലയിടത്തും സർക്കാർ സ്കൂളുകൾ. "ഞങ്ങളെ മറ്റു കുട്ടികളുടെ കൂടെയിരുത്തില്ല. അദ്ധ്യാപകരും മറ്റു കുട്ടികളും ഞങ്ങളുടെ ജാതിയെക്കുറിച്ചും, തൊട്ടുകൂടായ്മയെക്കുറിച്ചും കളിയാക്കുകയും അപമാനകരമായ രീതിയിൽ ഞങ്ങളോട് പെരുമാറുകയും ചെയ്യുന്നു. പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ടെങ്കിലും വേണ്ടപ്പെട്ടവർ കേട്ടതായി നടിക്കില്ല " പലയിടങ്ങളിലും ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്നും പുഴ കടന്നു വേണം സ്കൂളിൽ എത്താൻ. വെള്ളപ്പൊക്കം സാധാരണമായ ബീഹാറിൽ അത്തരം ഒരു സാഹസം നടത്തിയിട്ട് വേണം സ്കൂൾ പഠനം പൂർത്തിയാക്കാൻ. ഓരോ മഴക്കാലത്തും അനേകം കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നു.
അടുത്തകാലത്തായി ഇവരുടെ ജീവിതരീതിയിലും വരുമാനത്തിലും ചെറിയ രീതിയിൽ വ്യത്യാസമുണ്ടായിട്ടുണ്ട്. ചെറുപ്പക്കാർ ഗ്രാമം വിട്ട് അയൽസംസ്ഥാനങ്ങളായ ഹരിയാനയിലേക്കും പഞ്ചാബിലേക്കും കുടിയേറി തൊഴിലാളികളായി ജോലി ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സ്വസംസ്ഥാനത്ത് കിട്ടുന്ന അവഗണയിൽ നിന്നും പരിഹാസത്തിൽ നിന്നും ഒരൽപം ആശ്വാസം കിട്ടുന്നു അവർക്ക് പുതിയ തൊഴിലിടങ്ങളിൽ.
ഈ അടുത്ത കാലാതാണ് ഇവരുടെ സാമൂഹ്യ ക്ഷേമവും വിദ്യാഭ്യാസവും മുൻനിർത്തി ബീഹാർ സർക്കാർ "മഹാദളിത്" എന്ന പദ്ധതി ആസൂത്രണം ചെയ്തത്. സാമൂഹ്യപ്രവർത്തകയും കന്യാസ്ത്രീയുമായ സുധ വർഗീസ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രേർണ റെസിഡൻഷ്യൽ സ്കൂൾ മുസഹർ സമൂഹത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത പരിശീലനത്തിനും വേണ്ടിയുള്ളതാണ്. സുധ വർഗീസ് നടത്തുന്ന നാരി ഗുഞ്ജൻ എന്ന സ്ഥാപനം ബീഹാറിലുടനീളമുള്ള അമ്പത് കേന്ദ്രങ്ങളിലൂടെ ഏകദേശം ആയിരത്തി അഞ്ഞൂറ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നു.
ഇതേ സമൂഹത്തിൽ പെട്ട റാം ജതിൻ മഞ്ജി ബീഹാറിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. അവിശ്വസനീയമായ കഥയാണ് അദ്ദേഹത്തിന്റേത്. 1944ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ കുട്ടിയായിരുന്ന റാം മരത്തിൽ കുടുങ്ങുകയും ആ കുട്ടിയെ ഒരു സ്ത്രീ രക്ഷിച്ച് മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു സമീന്ദാരുടെ മകനെ പഠിപ്പിക്കാൻ വരുന്ന അദ്ധ്യാപകൻ പറഞ്ഞുകൊടുക്കുന്ന പാഠങ്ങൾ പറമ്പിന് വെളിയിൽനിന്നും റാം കേട്ടു പഠിക്കുന്നത് സവർണ്ണനായ അദ്ധ്യാപകൻ ശ്രദ്ധിച്ചിരുന്നു. റാമിന്റെ അച്ഛനും അദ്ധ്യാപകനും ഒരേ കള്ളുഷാപ്പിൽ നിന്നും ആയിരുന്നു മദ്യപിക്കാറുണ്ടായിരുന്നത്. മദ്യലഹരിയിൽ "നിന്റെ മകൻ പഠിക്കാൻ താല്പര്യപ്പെടുന്നുണ്ടല്ലോ, ഞാനവനെ പഠിപ്പിക്കട്ടെ " എന്ന അദ്ധ്യാപകന്റെ ചോദ്യത്തിന് സന്തോഷത്തോടെയും ഒപ്പം പേടിയോടെയും ആയിരുന്നു ആ അച്ഛൻ തലയാട്ടിയത്. പഠിക്കാൻ അവകാശമില്ലാത്ത അവർണ്ണന്റെ മകൻ അടുത്തദിവസം പഠിക്കാനായി എത്തിയെങ്കിലും സമീന്ദാർ രോഷാകുലനായി. എങ്കിലും വയലിലെ ജോലി കഴിഞ്ഞാൽ പഠിക്കാൻ റാമിനും പഠിപ്പിക്കാൻ അദ്ധ്യാപകനും അനുമതി നൽകി സമീന്ദാർ. മഗധ് സർവകലാശാലയിൽ നിന്നും ബിരുദം നേടിയ റാം ടെലികോം വകുപ്പിൽ ജോലി കിട്ടിയതിന് ശേഷമാണ് പൂർണമായും രാഷ്ട്രീയത്തിൽ ഇറങ്ങിയതും ബീഹാറിന്റെ മുഖ്യമന്ത്രിയായതും.