അസ്‌ഹറുദ്ദീന്‍ അറസ്റ്റ് വരിക്കാന്‍ ഒരുങ്ങുന്നു

വെള്ളി, 17 ജൂലൈ 2009 (11:40 IST)
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ത്യയുടെ ക്രിക്കറ്റ് ടീം മുന്‍ നായകനും മൊറാദബാദ് എം പിയുമായ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ വെള്ളിയാഴ്ച അറസ്റ്റ് വരിക്കും.

അസ്‌ഹറുദ്ദീന്‍ വെള്ളിയാഴ്ച നമസ്കാരത്തിനു ശേഷം മൊറാദബാദില്‍ നിന്ന് അറസ്റ്റ് വരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് യു പി കോണ്‍ഗ്രസ് സമിതി വക്താവ് പറഞ്ഞു.

മൊറാദാബാദില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ വച്ച് മുഖ്യമന്ത്രി മായാവതിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തി എന്നതാണ് റീത്തയ്ക്കെതിരെ ഉള്ള ആരോപണം. ഇവരെ ബുധനാഴ്ച രാത്രി ഡല്‍ഹിയിലേക്കുള്ള യാത്രാ മധ്യേ മൊറാദബാദില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. റീത്തയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

യുപിയില്‍ ബലാത്സംഗത്തിന് ഇരയാവുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് സംസ്ഥാന ഡിജിപി വന്‍‌ തുക ചെലവഴിക്കുന്നതിനെ വിമര്‍ശിച്ച റീത്ത ബലാത്സംഗത്തിന് നഷ്ടപരിഹാരം നല്‍കുന്നതുകൊണ്ട് മാത്രം പരിഹാരമാവുന്നില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. മായാവതിയുടെ മുഖത്ത് നഷ്ടപരിഹാര തുക വലിച്ചെറിയണമെന്നും അവര്‍ക്ക് ഇത്തരമൊരു അനുഭമുണ്ടായാല്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് പറയണം എന്നും യു പി കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞതായാണ് ആരോപണം.

വെബ്ദുനിയ വായിക്കുക