അശ്ലീല വിവാദം: മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉണ്ടാവില്ല

Webdunia
ശനി, 11 ഫെബ്രുവരി 2012 (02:04 IST)
അശ്ലീല വീഡിയോ വിവാദത്തില്‍ രാജിവച്ച മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ക്കേസ് എടുക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക നിയമസഭാ സ്പീക്കര്‍ കെ ജി ബൊപ്പയ. നിയമസഭയില്‍ വച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കണ്ടെന്ന ആരൊപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് കേസ് എടുക്കാനാവാത്തതെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് സ്വാഭാവിക നീതി ഉറപ്പുവരുത്തുന്നതിനായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ആരോപണ വിധേയരായവര്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരം നല്‍കണം. അതിനാല്‍ തിരക്ക് പിടിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആറംഗ നിയമസഭാകമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മാര്‍ച്ച 12-നകം ഇവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിമാര്‍ക്കെതിരെ നടപടി ഉണ്ടാവുകയെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം, രാജിവച്ച മന്ത്രിമാരെ കുറ്റവിചാരണ നടത്താന്‍ അനുമതി തേടി ബാംഗ്ലൂരിലെ ഒരു അഭിഭാഷകന്‍ സ്പീക്കര്‍ക്ക് ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.